Connect with us

Gulf

ഷാര്‍ജയില്‍ 2,500 കോടി ദിര്‍ഹം ചെലവില്‍ നദീമുഖ നഗരം വരുന്നു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ 2500 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന അജ്മല്‍ മക്കാന്‍ എന്ന നദീമുഖ നഗരത്തിന്റെ നിര്‍മാണം തുടങ്ങി. 300 കോടി ദിര്‍ഹം ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കിയതായി ഷാര്‍ജ ഒയാസിസ് റിയല്‍ എസ്റ്റേറ്റ് കമ്പനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 700 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുത പദ്ധതി ഇതില്‍ ഉള്‍പെടും. 60000 ആളുകള്‍ക്ക് താമസ സൗകര്യം സാധ്യമാക്കുന്ന പദ്ധതിയാണിത്.

എട്ടു ദ്വീപുകളില്‍ 1500 വില്ലകള്‍, 95 ടവറുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വാട്ടര്‍ തീം പാര്‍ക് തുടങ്ങിയവ ഉണ്ടാകും. ലോകത്തിലെ തന്നെ മനോഹരമായ സ്ഥലം എന്ന അര്‍ഥത്തിലാണ് അജ്മല്‍ മക്കാന്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഒയാസിസ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല അല്‍ ശക്ര പറഞ്ഞു. 20 കിലോ മീറ്ററിലാണ് പദ്ധതി. കനാലില്‍ നിന്ന് 1. 2 കോടി ക്യൂബിക് മീറ്റര്‍ മണല്‍ നീക്കം ചെയ്തതായും ശൈഖ് അബ്ദുല്ല അറിയിച്ചു.

കടല്‍വെള്ളം ഒഴുകിയെത്തുന്ന, നൂറുമുതല്‍ 300 മീറ്റര്‍ വരെ വീതിയും മൂന്നരമീറ്റര്‍ താഴ്ചയുമുള്ള കനാലുകളാണ് ഒരുക്കുക. ഒട്ടേറെ ഉല്ലാസ സൗകര്യങ്ങളുള്ള 20 കിലോമീറ്റര്‍ നീളമുള്ള തീരം, ബീച്ചുകള്‍ തുടങ്ങിയവയും പദ്ധതിയെ വേറിട്ടതാക്കുന്നു.
ശാന്തവും സുരക്ഷിതവുമായ ജലാശയമൊരുക്കാന്‍ 50 ലക്ഷം ടണ്‍ പാറകള്‍ എത്തിക്കുകയും തുറമുഖനഗര മാതൃകയിലുള്ള കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.

 

Latest