Connect with us

Kozhikode

കടലറിവുകളുടെ വൈവിധ്യവുമായി സമുദ്ര ഗ്യാലറി ഒരുങ്ങി

Published

|

Last Updated

കടലറിവുകളുടെ കലവറയുമായി സംസ്ഥാനത്താദ്യമായി കോഴിക്കോട് പ്ലാനറ്റോറിയത്തില്‍ സമുദ്ര ഗ്യാലറി തയ്യാറായി. കടലിനെ കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറിയേണ്ടതെല്ലാം കണ്‍മുമ്പില്‍ അനുഭവേദ്യമാക്കുകയാണ് സമുദ്ര ഗ്യാലറി കൊണ്ട് ഉദ്ദേശിക്കുന്നത്. സമുദ്രാന്തര്‍ഭാഗത്തെ പ്രതിഭാസങ്ങള്‍, സുനാമി, ചാകര, നീലത്തിമിംഗലത്തിന്റെ വിശേഷങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വൈവിധ്യമായ വിവരശേഖരം തന്നെ ഇവിടെയുണ്ട്. ആറ് മീറ്റര്‍ ടാങ്കില്‍ കമ്പ്യൂട്ടര്‍ കൊണ്ട് നിയന്ത്രിച്ചാണ് ഇവിടെ സുനാമി സൃഷ്ടിക്കുന്നത്. തിരയുടെ വേഗം നിയന്ത്രിച്ച് സുനാമിയുടെ ശക്തി കൂട്ടുകയും കുറക്കുകയും ചെയ്യാം. സ്‌ക്രീനില്‍ കാണുന്ന ഓപ്ഷന്‍ അമര്‍ത്തി സുനാമിത്തിരകളുടെ ആംപ്ലിറ്റിയൂഡ് തിരഞ്ഞടുക്കുകയാണ് വേണ്ടത്.

ചാകര പലരും ധരിച്ചുവെച്ചിരിക്കുന്നത് പോലെ മത്സ്യങ്ങളുടെ വന്‍ കൂട്ടമല്ല. കേരളത്തിന്റെ ചില തീരങ്ങളില്‍ മാത്രം ഉണ്ടാകാറുള്ള ശാന്തമായ സമുദ്ര ഭാഗമാണതെന്ന് സമുദ്ര ഗ്യാലറിയിലെ “ചാകര” വിശദീകരിച്ചുതരുന്നുണ്ട്. മണ്‍സൂണ്‍ കാലത്ത് തീരത്തിന് സമീപമുള്ള മണ്‍കണികകള്‍ പ്രക്ഷുബ്ധ തിരമാലകളുടെ പ്രഹരമേറ്റും ശക്തമായ മഴയേറു കൊണ്ടും ഉഴുതുമറിക്കപ്പട്ട് കടല്‍ ജലത്തില്‍ അലിഞ്ഞു ചേരുകയും ജലത്തെ കൊഴുപ്പേറിയതാക്കുകയും ചെയ്യുന്നു. ചാകര അഥവാ ശാന്തകര(ശാന്തമായ തീരം) അര്‍ധ വൃത്താകൃതിയാലാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ഇവിടെ പ്രായോഗികമായി കാണിച്ചുതരുന്നുണ്ട്.

വലിയ അളവില്‍ കടല്‍ജലം ചുഴിപോലെ കറങ്ങുന്നതാണ് കടല്‍ച്ചുഴിയെന്ന് ഇവിടെയുള്ള സ്വിച്ച് അമര്‍ത്തുമ്പോള്‍ കാണാന്‍ കഴിയും. തിരമാലകളില്‍ നിന്ന് ഊര്‍ജം സൃഷ്ടിക്കുന്നതാണ് സമുദ്ര ഗ്യാലറിയിലെ മറ്റൊരു സവിശേഷത. ഒരു കമ്പിച്ചുരുളിനുള്ളിലുള്ള കാന്തത്തെ തിരമാലകള്‍ വഴി ദോലനം ചെയ്യിക്കുന്നു. ഇത് ഒരു വിദ്യുത് കാന്തികമണ്ഡലം രൂപം കൊള്ളുന്നതിന് ഇടയാക്കുന്നതാണ് ഇവിടെ കാണിക്കുന്നത്. ഒരു കപ്പല്‍ ഉപയോഗിച്ച് സമുദ്രാന്തര്‍ ഭാഗത്ത് പര്യവേക്ഷണം നടത്തുന്നത് സമുദ്ര പര്യവേക്ഷണം എന്ന ഭാഗത്ത് ഒരു സ്വിച്ചമര്‍ത്തുമ്പോള്‍ കാണാന്‍ കഴിയുന്നു. ഇതിന് പുറമെ കടല്‍ യാത്രികര്‍ ഉപയോഗിക്കുന്ന നാവിഗേഷന്‍ ഉപകരണങ്ങളും പരിചയപ്പെടുത്തുന്നു. ചലിക്കുന്ന 20 അടി നീളമുള്ള നീലത്തിമിംഗലവും ഗ്യാലറിയിലെ പ്രത്യേകതയാണ്. മോട്ടോര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. സമുദ്ര പുരാണങ്ങളെ കുറിച്ചും കടല്‍പ്പുറ്റ്, പവിഴപ്പുറ്റ്, കണ്ടല്‍ കാടുകള്‍, മീന്‍പിടിത്തം, ആഴക്കടലിലെ ജീവനുകളെ കുറിച്ചുള്ള വിവരണങ്ങള്‍ എന്നിവയും സമുദ്ര ഗ്യാലറി നമുക്ക് പറഞ്ഞുതരുന്നുണ്ട്.

1953ല്‍ അമേരിക്കന്‍ രസതന്ത്രജ്ഞനായിരുന്ന ഹാരോള്‍ഡ് സി യുറേയും സ്റ്റാന്‍ലി മില്ലറും പരീക്ഷിച്ച മില്ലര്‍-യുറേ പരീക്ഷണം ഇവിടെ ആവിഷ്‌കരിക്കുന്നുണ്ട്. കടല്‍ എങ്ങനെയാണ് മലിനമാകുന്നത്, അഴിമുഖം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എന്നിവ ഗ്യാലറിയില്‍ വിവരിച്ചു തരുന്നു. നിശ്ചല, ചലന മോഡലുകള്‍ ഉള്‍പ്പെടെ 50 മോഡലുകളാണ് ഇവിടെയുള്ളത്.

പ്ലാനറ്റോറിയത്തിലെ ശാസ്ത്രജ്ഞരും മറ്റ് ജീവനക്കാരുമാണ് 4800 സ്‌ക്വയര്‍ഫീറ്റില്‍ സമുദ്രഗ്യാലറി നിര്‍മിച്ചിരിക്കുന്നത്. എട്ട് മാസം കൊണ്ടാണ് ഹാള്‍ ഓഫ് ഓഷ്യന്‍ എന്ന ഓഡിറ്റോറിയത്തില്‍ സമുദ്രഗ്യാലറി പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ അഞ്ച് സയന്‍സ് ഗ്യാലറികളും സയന്‍സ് പാര്‍ക്ക് എന്നിവയും പ്ലാനറ്റോറിയത്തിലുണ്ട്. ത്രീഡി ഷോയും പ്ലാനറ്റോറിയം ഷോകളും കാണാനും ദിനേനെ നൂറുകണക്കിന് വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഇവിടെയെത്തുന്നു.

 

 

 

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest