Connect with us

National

ലോയ കേസ് ഗൗരവതരം; ദുരൂഹത പരിശോധിക്കും; എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇനിമുതല്‍ സുപ്രീം കോടതി പരിഗണിക്കും. ഇത് പ്രകാരം ബോംബെ ഹൈക്കോടതിയിലുള്ള രണ്ട് ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഇനി മുതല്‍ കേസ് പരിഗണിക്കുക. ജസ്റ്റിസ്
എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

കേസ് ഗൗരവമുള്ള വിഷയമാണെന്നും മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

അതേസമയം, പ്രത്യേക അന്വേഷണം വേണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് സാല്‍വെ വാദിച്ചു. എന്നാല്‍ കേസ് ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിലപാടെടുത്തു. ലോയ കേസ് സംബന്ധിച്ച് പത്ര റിപ്പോര്‍ട്ട് മാത്രമല്ല, മെഡിക്കല്‍ രേഖകളടക്കമുള്ളവ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വാദം കേട്ടത്. സുപ്രധാനമായ കേസ് ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെട്ട ബഞ്ചിന് കൈമാറിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സുപ്രീം കോടതിയിലെ പൊട്ടിത്തെറിക്ക് പ്രധാന കാരണമായത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ബിഎച്ച് ലോയ, കേസിന്റെ വിധി പ്രസ്താവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് മരിച്ചത്. പകരം വിധി പ്രസ്താവിച്ച ന്യായാധിപന്‍ അമിത് ഷായെ വെറുതെ വിടുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ടി പൂനാവാല, മാധ്യമ പ്രവര്‍ത്തകനായ ബി ആര്‍ ലോനെ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Latest