Connect with us

Kozhikode

ബഷീര്‍ നന്മക്കും സത്യത്തിനും വേണ്ടി പൊരുതിയ എഴുത്തുകാരന്‍: എം എന്‍ കാരശ്ശേരി

Published

|

Last Updated

ബേപ്പൂര്‍: സ്വതന്ത്രമായ എഴുത്തിലൂടെ നന്മക്കും സത്യത്തിനും വേണ്ടി പൊരുതിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഡോ. എം എന്‍ കാരശ്ശേരി പറഞ്ഞു.
വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ “വൈലാലി വീട്ടില്‍ ഇത്തിരി നേരം” എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പഠന യാത്ര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അന്തസിനും വേണ്ടി എഴുത്തിലൂടെ പൊരുതിയ മഹ്ത് വ്യക്തിത്വമാണ് ബഷീര്‍. ബ്രിട്ടീഷ് ഭരണകാലത്തും നാട്ടുരാജാക്കന്‍മാരുടെ ഭരണകാലത്തും തിന്‍മകള്‍ക്കും അനീതിക്കുമെതിരെ ശക്തമായി എഴുത്തിലൂടെ വിമര്‍ശിച്ച എഴുത്തുകാരന്നാണ് ബഷീറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ഫോക്‌ലോര്‍ അക്കാദമി, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ പി മോഹനന്‍, ഫറോക്ക് എ ഇ ഒ. പി കെ ശോഭന, ഷാഹിന ബഷീര്‍, അനില്‍ മാരാത്ത് ബിജു കാവില്‍ പങ്കെടുത്തു.