Connect with us

Kerala

ഓഖി; നഷ്ടപരിഹാരം പെട്ടന്ന് ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായവര്‍ക്ക് ആവശ്യമായ സഹായം പെട്ടെന്ന് ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ ജാഗ്രതകാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

നിലവില്‍ നഷ്ടപരിഹാരത്തുക വളരെ കുറഞ്ഞതാണെങ്കില്‍ അതില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ കലക്ടര്‍മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണം.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ഭക്ഷണവും മറ്റു പ്രാഥമിക സൌകര്യങ്ങളും ഉറപ്പാക്കണം. ക്യാമ്പുകളിലെ ശുചിത്വം ഏറെ പ്രാധാന്യത്തോടെ കാണണം. ക്യാമ്പ് ശുചീകരണത്തിന്നായി പ്രത്യേക ഏജന്‍സിയെ നിയോഗിക്കാവുന്നതാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനവും ശുചീകരണവും നടത്തണം.
ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തിയ ലക്ഷദ്വീപുകാര്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് കോഴിക്കോട് കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലക്ഷദ്വീപുകാരെ സ്വന്തം നാട്ടുകാരെ പോലെ പരിഗണിച്ച് നടപടികള്‍ സ്വീകരിക്കണം.

Latest