Connect with us

Kerala

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കേരള ഹജ്ജ് കമ്മിറ്റി നിയമ നടപടിക്ക്‌

Published

|

Last Updated

കൊണ്ടോട്ടി: തുടര്‍ച്ചയായി നാല്, അഞ്ച് വര്‍ഷമായി ഹജ്ജിനപേക്ഷിച്ച് അവസരം ലഭിക്കാതിരുന്നവര്‍ അടുത്ത വര്‍ഷവും അപേക്ഷ നല്‍കിയാല്‍ നറുക്കെടുപ്പില്ലാതെ അവസരം നല്‍കണമെന്നും കേരളത്തിന്റെ എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് തന്നെ മാറ്റണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാത്ത പക്ഷം സുപ്രീം കോടതിയെ സമീപിക്കാനും ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു.

നിലവിലുള്ള ഹജ്ജ് നയമനുസരിച്ച്, തുടര്‍ച്ചയായി അപേക്ഷിച്ചവരെ റിസര്‍വ് ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2018-22 വര്‍ഷത്തേക്കുള്ള ഹജ്ജ് നയത്തിന്റെ കരട് പട്ടികയില്‍ റിസര്‍വ് എ,(70 വയസ് പൂര്‍ത്തിയായ അപേക്ഷകര്‍) റിസര്‍വ് ബി എന്നീ സമ്പ്രദായം ഒഴിവാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം, 70 വയസ് പൂര്‍ത്തിയായവര്‍ക്ക് സഹായി ഇല്ലാതെ അവസരം നല്‍കാമെന്ന് കേന്ദ്രം ആദ്യം അറിയിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഹായിയെയും അനുവദിച്ചിട്ടുണ്ട്. ബി വിഭാഗത്തില്‍ 15,000ത്തിലധികം അപേക്ഷകരാണ് കേരളത്തിലുള്ളത്.

കേരളത്തില്‍ നിന്നുള്ള ഹാജിമാരില്‍ 82 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്കു മാറ്റേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗീകരിക്കുമെന്നാണ് കേരളം പ്രതിക്ഷിക്കുന്നത്. അല്ലാത്തപക്ഷം കേരളം നിയമ നടപടിയുമായി മുന്നോട്ടു പോകും.
വിശുദ്ധഭൂമിയിലെ ബില്‍ഡിംഗ് സെലക്ഷന്‍ കമ്മിറ്റിയില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കുക, മക്കയിലെ താമസം അസീസിയയില്‍ മാത്രമാക്കുക, മെഡിക്കല്‍-പാരാമെഡിക്കല്‍ സ്റ്റാഫുമാരായി അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ നിയമിക്കുക, ഉംറ, സിയാറത്ത് ഹജ്ജ് കമ്മിറ്റി മുഖേന നടത്തുക, ഓണ്‍ലൈന്‍ അപേക്ഷാ സമ്പ്രദായം നടപ്പാക്കുക, മഹ്‌റം ശരീഅത്ത് നിയമത്തിന് വിധേയമാക്കുക, ഹജ്ജ് യാത്രക്ക് കപ്പല്‍ ഏര്‍പ്പെടുത്തുക, സ്വകാര്യ ഹജ്ജ് സംഘങ്ങള്‍ക്ക് 20 ശതമാനം മാത്രം നല്‍കി 80 ശതമാനവും സര്‍ക്കാര്‍ ക്വാട്ടയിലാക്കുക എന്നീ ആവശ്യങ്ങളും കേരള ഹജ്ജ് കമ്മിറ്റി മുന്നോട്ടുവെക്കുന്നുണ്ട്.
ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. ഇ കെ മുഹമ്മദ് കുട്ടി, അഹ്മദ് മൂപ്പന്‍, എ കെ അബ്ദുര്‍റഹ്മാന്‍, പി പി അബ്ദുര്‍റഹ്മാന്‍, ശരീഫ് മണിയാട്ടുകുഴി, അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.

 

Latest