Connect with us

Gulf

അറബ് മേഖലയിലെ പത്തുലക്ഷം യുവജനങ്ങള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പഠന പദ്ധതിയൊരുക്കി ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ : ഭാവിയുടെ ഭാഷയായ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ പത്തു ലക്ഷം അറബ് യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. സ്വന്തം രാജ്യം വിടാതെതന്നെ ലക്ഷക്കണക്കിന് ആളുകളെ  രാജ്യാന്തര ജോലി നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്ന പദ്ധതിയാണിതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിന് മേഖലക്ക് പ്രതീക്ഷ നല്‍കാനാണ് ശ്രമം.അറബ് ലോകത്തെ തൊഴിലില്ലായ്മക്കു പരിഹാരം വേണം. അതില്‍ ഒരു ചെറു പങ്കാളിത്തം വഹിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ചാരിതാര്‍ഥ്യമായി-ശൈഖ് മുഹമ്മദ് പറഞ്ഞു. arab Coders.ae എന്ന വെബ്സൈറ്റ് വഴിയാണ് പരിശീലനം നല്‍കുക.

വെബ്സൈറ്റ് ഡെവലപ്‌മെന്റ്, മൊബൈല്‍ ഇന്റര്‍ ഫേസസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ എന്നിവയില്‍ വെബ്സൈറ്റ് പരിശീലനം നല്‍കിവരുന്നുണ്ട്. വിദ്യാഭ്യാസ സംഘടനയായ ഉഡാസിറ്റി, മധ്യപൗരസ്ത്യ മേഖലയിലെ ബൈത് ഡോട് കോം എന്നിവയുടെ പിന്തുണ പദ്ധതിക്കുണ്ട്. ആയിരം വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായംകൂടി ലഭിക്കും. മൊത്തം 15 ലക്ഷം ദിര്‍ഹമാണ് സഹായം. ഉന്നത വിജയം കരസ്ഥമാക്കുന്ന നാലുപേര്‍ക്ക്  രണ്ടു ലക്ഷം ഡോളര്‍ സമ്മാനം വേറെ.മധ്യ പൗരസ്ത്യ വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ ജനസംഖ്യയില്‍  65 ശതമാനവും യുവാക്കളാണ്. 27 ശതമാനമാണ് തൊഴിലില്ലായ്മ.

വീട്ടിലിരുന്നു കൊണ്ടുതന്നെ ആഗോള കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്ന പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. അതിനു മുന്നോടിയായി യുവതീ യുവാക്കളെ സജ്ജമാക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ദുബൈയെ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് നഗരമാക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് തുടക്കിമിട്ടിരുന്നു.

Latest