Connect with us

Kerala

ഫാ. ടോം ഉഴുന്നാലില്‍ ബെംഗളൂരുവില്‍ എത്തി

Published

|

Last Updated

ബെംഗളൂരു: യമനില്‍ ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ബെംഗളൂരുവില്‍ എത്തി. ഡല്‍ഹിയില്‍ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സലേഷ്യന്‍ സംഭാഗങ്ങള്‍ സ്വീകരിച്ചു. മന്ത്രി കെ ജെ ജോര്‍ജ്, കേരള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പിസി തോമസ്, ബെംഗളൂരു അതിരൂപതാ വികാരി ജനറാള്‍ മോണ്‍ തുടങ്ങിയവര്‍ ഫാ. ടോം ഉഴുന്നാലിനെ സ്വീകരിക്കാനെത്തിയിരുന്നു.

വൈകീട്ട് 5.30ന് ബെംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃതജ്ഞതാ പ്രാര്‍ഥനയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. ഞായറാഴ്ച അദ്ദേഹം കേരളത്തിലെത്തും.

ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റോമില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഡല്‍ഹി ബിഷപ്പും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഒന്നരവര്‍ഷം മുമ്പ് യമനില്‍ വെച്ചായിരുന്നു ഇസില്‍ തീവ്രവാദികള്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. യമനില്‍ എംബസി ഇല്ലാതിരുന്നതിനാല്‍ ഇന്ത്യക്ക് മോചിപ്പിക്കല്‍ ജോലി ഏറെ ദുഷ്‌കരമായിരുന്നു. ഒടുവില്‍ ഒമാന്റെ സഹായത്തോടെ നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ രണ്ടാഴ്ച മുമ്പാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായത്. തട്ടിക്കൊണ്ടുപോകലിന് ഇരയായതിന് പിന്നാലെ അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

Latest