Connect with us

Articles

ആധാര്‍ രാജിന് എന്താണിത്ര ധിറുതി?

Published

|

Last Updated

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിരന്തരം എസ് എം എസ് ലഭിക്കാത്ത ആരും തന്നെ ഇന്ത്യയില്‍ ഉണ്ടാവില്ല. നമ്പര്‍ റദ്ദായിപ്പോകാതിരിക്കാനും സേവനം തുടരാനും മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുക എന്ന മധുരം പൊതിഞ്ഞ വാഗ്ദാനമാണ് (അതോ ഭീഷണിയോ?) നിരന്തരം മെസേജുകളിലൂടെയും മാധ്യമ പരസ്യങ്ങളിലൂടെയും കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ഇതൊരു കൊടിയ വഞ്ചനയും സുപ്രീംകോടതി വിധിയുടെ ദുര്‍വ്യാഖ്യാനവുമാണ് എന്നത് നിസ്സംശയം പറയാം. എങ്ങിനെയെന്നാല്‍.

ആധാറുമായി ലിങ്ക് ചെയ്യാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരി മാസം കഴിഞ്ഞാല്‍ പ്രവര്‍ത്തനരഹിതമാകും എന്ന “ഭീഷണി” കലര്‍ന്ന ഒരു സര്‍ക്കുലര്‍ ഇന്ത്യന്‍ ടെലികോം മന്ത്രാലയം ഇറക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ടെലികോം മന്ത്രാലയം ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് ആധാര്‍ ലിങ്കിംഗുമായി ബന്ധപ്പെട്ട ഈ സര്‍ക്കുലര്‍ ഇറക്കിനല്‍കിയിട്ടുള്ളത്. തങ്ങളുടെ ഉപഭോക്താക്കളുടെ ക്ഷേമമൊന്നുമല്ല കമ്പനികളെ ഈ ലിങ്കിംഗ് വേഗത്തിലാക്കാന്‍ പ്രേരിപ്പിക്കുന്നത്. മറിച്ച് കച്ചവട താത്പര്യങ്ങളും സര്‍ക്കാറുമായി ഒത്തുള്ള ഗൂഢാലോചനയുമാണെന്നും അയത്‌നലളിതമായി മനസ്സിലാകുന്ന കാര്യമാണ്. പ്രധാനപ്പെട്ട കാരണം, അഥവാ ഈ തിടുക്കം യുക്തിരഹിതമാകുന്നത്, ആധാറും പൗരന്റെ സ്വകാര്യത അടക്കമുള്ള ഭരണഘടനാവകാശങ്ങളുമായി ബന്ധപ്പെട്ട അതിന്റെ സാധുതയും സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. രാജ്യത്തെ ഉന്നത കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മയുടെ യുക്തിരാഹിത്യത്തില്‍ ഒരുപാട് നിക്ഷിപ്ത താത്പര്യങ്ങളും കോര്‍പറേറ്റ് സ്വാര്‍ഥതകളും അനുമാനിക്കാന്‍ കഴിയും.

2017 ഫെബ്രുവരി ആറിന് ലോക്‌നീതി ഫൗണ്ടേഷന്‍ നല്‍കിയ ഒരു കേസില്‍ വിധി പറയവേ രണ്ടംഗ സുപ്രീം കോടതി ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായ സര്‍ക്കുലര്‍ എന്ന രീതിയിലാണ് ടെലികോം മന്ത്രാലയം മൊബൈല്‍ കമ്പനികള്‍ക്ക് അധാര്‍ ലിങ്കിംഗ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകനായ ചിത്രാംശുല്‍ സിന്‍ഹ അടക്കമുള്ള പ്രമുഖ അഭിഭാഷകര്‍ അവരുടെ ലേഖനങ്ങളിലും സാമൂഹിക മാധ്യമ കുറിപ്പുകളിലും എങ്ങനെയാണ് ടെലെകോം മന്ത്രാലയം സുപ്രീം കോടതിയുടെ ചില നിരീക്ഷണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് വിശദമാക്കുന്നുണ്ട്. അഡ്വ. സിന്‍ഹ തന്റെ ലേഖനത്തില്‍ സൂചിപ്പിക്കുന്നത്, മുകളിലെ കേസിന്റെ വാദമധ്യേ, നിരവധി ആളുകള്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവരായി രാജ്യത്തുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായി.

രാജ്യത്ത് പുതിയ മൊബൈല്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലാത്ത സമയത്താണ്, കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള കണക്ഷനുകള്‍ അടക്കം ആധാറുമായി വീണ്ടും സംയോജിപ്പിച്ച ഉപഭോക്താക്കള്‍ക്ക് മാത്രമേ രാജ്യത്ത് ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന തിട്ടൂരം ഇറക്കിയിരിക്കുന്നത്. ആയതിനാല്‍ തന്നെ നിലവിലെ സര്‍ക്കുലറും അതുമായി ബന്ധപ്പെട്ട മൊബൈല്‍ കമ്പനികളുടെ ലിങ്കിംഗ് മെസേജുകളും സുപ്രീം കോടതി വിധിയുടെ ദുര്‍വ്യാഖ്യാനവും, സ്വാര്‍ഥലക്ഷ്യത്തോടു കൂടിയുള്ള ദുരുപയോഗവുമാണ്. കാരണം, പറയപ്പെടുന്ന സുപ്രീം കോടതി നിര്‍ദേശം കാണുക.

“An effective process has been evolved to ensure identtiy verification, as well as, the addresses of all mobile phone subscribers for new subscribers. In the near future, and more particularly, within one year from today, a similar verification will be completed, in case of existing subscribers.”

മാത്രമല്ല, ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള യാതൊരുവിധ കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത് എന്ന നിലയിലുള്ള സുപ്രീം കോടതി വിധികള്‍ ഒന്നിലേറെ നിലവിലുണ്ട്. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ച് സ്വകാര്യതാവകാശം (Right to Privacy) വിട്ടുവീഴ്ചയില്ലാത്ത പരിപൂര്‍ണ ഭരണഘടനാവകാശമാണ് എന്ന ചരിത്രപരമായ വിധി പുറപ്പെടുവിച്ചതും ഇക്കഴിഞ്ഞ ആഗസ്റ്റ് 24നാണ്. ഇത്തരം എല്ലാ നിര്‍ദേശങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് രാജ്യത്ത് “ആധാര്‍ രാജ്” നടമാടുന്നത്.
പക്ഷേ, ഇക്കാര്യത്തില്‍ ടെലികോം കമ്പനികള്‍ നിസ്സഹായമാണ് എന്നതും കാണാതിരുന്നുകൂടാ. കാരണം രാജ്യത്തെ ഏതെങ്കിലും ഹൈക്കോടതിയോ സുപ്രീം കോടതിയോ ആധാറുമായി ലിങ്ക് ചെയ്യാനുള്ള മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ റദ്ദ് ചെയ്യുന്നത് വരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. സത്യത്തില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ആധാര്‍ എന്നത് പൗരന്റെ ചോയിസ് മാത്രമാണ് എന്ന സുപ്രീം കോടതി വിധി മറച്ചുവെച്ചുകൊണ്ടാണ് ഫെബ്രുവരി ആറിലെ മുകളിലെ നിരീക്ഷണം പോലും നേടിയെടുത്തത്. ആ നിരീക്ഷണം തന്നെ, പൗരന്റെ കൈവശമുള്ള മറ്റേതൊരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചും നടപ്പിലാക്കാവുന്നതാണ്, എന്ന് മാത്രമല്ല നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണക്ഷനുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം നാളിതുവരെ ഉണ്ടായിട്ടുള്ളതല്ല എന്നതും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുള്ള മന്ത്രിമാര്‍ ഇക്കാര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസ്യമാം വിധം “വിചാരണ” നേരിടുകയാണ് എന്നതും വസ്തുതയാണ്.

ആധാറിന്റെ ഭരണഘടനാസാധുത തന്നെ ജുഡീഷ്യറി ഇഴകീറി പരിശോധിക്കുന്ന സമയത്ത്, രാജ്യത്തെ കോടിക്കണക്കിന് മൊബൈല്‍ ഉപഭോക്താക്കളുടെ സ്വകാര്യത മുഴുവനായും ചോര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശം നിരവധി സംശയങ്ങളിലേക്കും ദുരൂഹതകളിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. നിലവില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് ആധാര്‍ കേസ് മാത്രമായി പ്രത്യേകം കേട്ടുകൊണ്ടിരിക്കെ, അതിന്റെ വിധി വരാന്‍ കാത്തുനില്‍ക്കാതെ കേന്ദ്ര സര്‍ക്കാര്‍ അസാധാരണമായ അമിതാവേശം കാട്ടുന്നത് ആര്‍ക്കൊക്കെ വേണ്ടിയാണ്?
ചുരുക്കത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ തുടങ്ങി സകല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന ഘട്ടത്തില്‍, അതും സുപ്രീംകോടതി വിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടടക്കം, ഇക്കഴിഞ്ഞ ആഗസ്റ്റ് 24 ലെ ഒന്‍പതംഗ ഭരണഘടനാ ബഞ്ച് സ്വകാര്യത (Right to Privacy) വിഷയത്തില്‍ അടിവരയിട്ട് ഉറപ്പിച്ചെടുത്ത ഭരണഘടനാ നിലപാട് കോടതി വിധിയുടെ കടലാസുകളിലും അക്കാദമിക് ചര്‍ച്ചകളിലും നിയമ പഠന ക്ലാസുകളിലും മാത്രം ഒതുങ്ങിപ്പോകുകയും പ്രായോഗിക തലത്തില്‍ സ്വകാര്യതാവകാശം ഭരണകൂടം കവര്‍ന്നെടുക്കുന്ന പൗരാവകാശമായി ചുരുങ്ങുകയും ചെയ്യുന്നതിന്റെ ആശങ്കാജനകമായ കാഴ്ചകളാണ് ഫാസിസ്റ്റ് ഭരണകൂടത്തില്‍ നിന്നും കാണാന്‍ കഴിയുന്നത്!

 

Latest