Connect with us

Gulf

ഇന്ത്യയിലെ ഖത്വര്‍ എയര്‍വേയ്‌സ് വിമാനം പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സി ഇ ഒ

Published

|

Last Updated

ദോഹ: ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന ആഭ്യന്തര വിമാന കമ്പനിയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ. വളരെ വൈകാതെ തന്നെ ഇന്ത്യന്‍ വിമാനത്തിന്റെ പ്രഖ്യാപനം കേള്‍ക്കാനാകുമെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ ദോഹയില്‍ അറിയിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അതിവേഗ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമയാന വിപണി തങ്ങള്‍ക്കു പ്രധാനപ്പെട്ടതാണെന്നും അവിടെ വികസനത്തിനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

100 നാരോ ബോഡി വിമാനങ്ങളുമായി ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് നടത്തുമെന്നാണ് നേരത്തേ ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നത്. അതിനുള്ള ശ്രമങ്ങളാണ് മുന്നോട്ടു പോകുന്നുണ്ടെന്നും വൈകാതെ വാര്‍ത്ത കേള്‍ക്കാനാകുമെന്നും സി ഇ ഒ അറിയിച്ചിരിക്കുന്നത്. അതിനിടെ ഏതെങ്കിലുമൊരു അമേരിക്കന്‍ വിമാനത്തില്‍ നിക്ഷേപം നടത്തി മേഖലയില്‍ സ്ഥാനമുറപ്പിക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ് വഴികള്‍ അന്വേഷിക്കുകയാണെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കന്‍ വിപണി തങ്ങള്‍ക്കു ഏറെ പ്രധാനപ്പെട്ടതാണെന്നും അതു കൊണ്ടു തന്നെ അമേരിക്കയിലെയോ വടക്കന്‍ അമേരിക്കയിലെയോ വിമാനങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് തന്റ മനസില്‍ ചില ആശയങ്ങളുണ്ടെന്നും അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഓഹരികളെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഈ മാസം രണ്ടിനാണ് ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപനം നടത്തിയത്. ഗള്‍ഫ് വിമാനങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ പിടിമുറുക്കുന്നതിനെതിരായ പൊതുവിരോധമാണ് ഖത്വര്‍ എയര്‍വേയ്‌സ് നീക്കത്തിനു തിരിച്ചടിയായത്. പത്തു ശതമാനം ഓഹരികള്‍ക്കായി ശ്രമം നടത്തിയ ഖത്വറിന് 4.75 ശതമാനം ഓഹരികള്‍ മാത്രം നല്‍കാനാണ് യു എസ് വിമാനം സന്നദ്ധമായത്. ഇതാണ് പിന്‍മാറ്റത്തിനു കാരണം. അക്ബര്‍ അല്‍ ബാകിര്‍ ദോഹയില്‍ തുറന്നു സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ അമേരിക്കന്‍ വ്യോമയാന വ്യവസായ വിപണിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന അദ്ദഹം മറ്റു വിമാനങ്ങളില്‍ അവസരം അന്വേഷിക്കുകയാണെന്നും വെളിപ്പെടുത്തി. ജെറ്റ് ബ്ലൂ എയര്‍വേയ്‌സില്‍ ആണ് ഖത്വര്‍ എര്‍വേയ്‌സ് കണ്ണുവെക്കുന്നതെന്ന് ബ്ലൂംബര്‍ഗ് അഭിപ്രായപ്പെട്ടു. ഖത്വര്‍ എയര്‍വേയ്‌സിനെ ഭാഗികമായി പിന്തുണക്കുന്ന വിമാന കമ്പനിയാണിത്. അമേരിക്കയിലെ മറ്റു വിമാനങ്ങള്‍ എതിരു നില്‍ക്കുമ്പോള്‍ ഗള്‍ഫ് വിമാനങ്ങളുമായുള്ള സഹകരണം യാത്രക്കാരുടെ പങ്കുവെപ്പ് ഉള്‍പ്പെടെ ജെറ്റ് ബ്ലൂവിന് ആദായമുണ്ടാക്കിക്കൊടുക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഖത്വര്‍ എയര്‍വേയ്‌സിനു സാധ്യതയുള്ള മറ്റു കമ്പനികള്‍ അലസ്‌ക എയര്‍ ഗ്രൂപ്പ്, മെക്‌സികാന്‍ ആസ്ഥാനമായ ഇന്റര്‍ജെറ്റ്, കാനഡയിലെ വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍സ് എന്നിവയാണെന്ന് ബ്ലൂംബര്‍ഗ് ചൂണ്ടിക്കാട്ടി. ഈ വിമാനങ്ങള്‍ നിക്ഷേപകരെ തേടിക്കൊണ്ടിരിക്കുകയാണ്.
ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ 20 ശതമാനം ഓഹരികള്‍ അടുത്തിടെ ഖത്വര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയിരുന്നു. കൂടാതെ ലാറ്റിനമേരിക്കന്‍ വിമാനമായ ലാറ്റം എയര്‍ലൈന്‍സിലും 10 ശതമാനം ഓഹരിയെടുത്തു. ഇറ്റാലിയന്‍ വിമാനമായ മെറിഡിയാനയുടെ 49 ശമാതനം ഓഹരികള്‍ സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. വിദേശ വിമാനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ മിഡില്‍ ഈസ്റ്റിലെ മുന്‍നിര വിമാനക്കമ്പനിയാകാനുള്ള യാത്രയിലാണ് ഖത്വര്‍ എയര്‍വേയ്‌സ് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. സ്വതന്ത്രമായി തന്നെ ഞങ്ങള്‍ക്കു വളര്‍ച്ച കൈവരിക്കാനാകും. എന്നാല്‍ കൂട്ടായ്മയിലൂടെയും നിക്ഷേപത്തിലൂടെയുമാണ് വികസനം നേടുന്നതാണ് ബിസിനസിന്റെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

Latest