Connect with us

Kasargod

റയില്‍വെ അടിപ്പാലം കടലാസില്‍: മെഗ്രാല്‍-കൊപ്പളം നിവാസികള്‍ക്ക് യാത്രാദുരിതം

Published

|

Last Updated

കുമ്പള: മൊഗ്രാല്‍ കൊപ്പളം റെയില്‍വേ അടിപ്പാലം യാഥാര്‍ഥ്യമാകാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
വാജ്‌പേയ് മന്ത്രിസഭയിലെ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്ന ഒ രാജഗോപാലിനാണ് തീരദേശവാസികളും ജമാഅത്ത്, ക്ഷേത്രകമ്മിറ്റി ഭാരവാഹികളും സന്നദ്ധ സംഘടനകളും ആദ്യമായി ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയത്.
പിന്നീടങ്ങോട്ട് രണ്ട് പതിറ്റാണ്ടുകളേറെയായി നിവേദനം നല്‍കാത്ത കേന്ദ്ര റെയില്‍വേ മന്ത്രിമാരില്ല. ജനപ്രതിനിധികള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രി തുടങ്ങി കാസര്‍കോട് ജില്ലയിലെത്തുന്ന മന്ത്രിമാര്‍ക്കൊക്കെ നിവേദനം സമര്‍പ്പിച്ചുകൊണ്ടേയിരുന്നു. ഇത് സംബന്ധിച്ച് കൊപ്പളത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
2012 ല്‍ പി കരുണാകരന്‍ എം പി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജരെ കണ്ട് നിവേദനം നല്‍കിയതോടെ അണ്ടര്‍ ബ്രിഡ്ജ് വിഷയം സജീവപരിഗണനയിലായി. ഇതേ തുടര്‍ന്ന് കുമ്പള ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗത്തിന്റെ ഡിമാന്‍ഡ് ലെറ്റര്‍ അന്ന് ഡിവിഷണല്‍ മാനേജര്‍ ആവശ്യപ്പെടുകയായിരുന്നു.

2013ല്‍ കൊപ്പളത്ത് റോഡും, എന്‍ എച്ച് റോഡും ബന്ധിപ്പിക്കുന്നതിനു പുഴയോരത്തായി അണ്ടര്‍ ബ്രിഡ്ജ് നിര്‍മിക്കാന്‍ പഞ്ചായത്ത് ബോര്‍ഡ് യോഗം റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. കാത്തിരിപ്പിന് വിരാമം കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം കൊപ്പളം അണ്ടര്‍ പാസ്സേജ് നിര്‍മാണത്തിന് അനുമതി നല്‍കുകയും ചെയ്തു.
വിഷയവും, ഫണ്ടും ചര്‍ച്ച ചെയ്യാന്‍ മഞ്ചേശ്വരം എംഎല്‍ എ. പി ബി അബ്ദുറസാഖ് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം 2013 നവംബര്‍ 23 ന് കുമ്പള ഗ്രാമപഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്തിരുന്നു. എംപിയും എംഎല്‍എ യും ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് നാട്ടുകാര്‍ക്ക് അന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. രണ്ട് കോടി രൂപയാണ് പദ്ധതിക്കായി വേണ്ടി വരുന്നത്.
അതിനിടെ റയില്‍വെയുടെ നിര്‍ദേശപ്രകാരം കുമ്പള ഗ്രാമ പഞ്ചായത്ത് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 3,39, 940 രൂപ റെയില്‍വേയ്ക്ക് കൈമാറുകയും ചെയ്തു. പിന്നീടാണ് ഫണ്ട് ലഭ്യമാക്കുന്നതില്‍ ജനപ്രതിനിധികള്‍പിന്നോക്കം പോയത്. അനുമതി ലഭ്യമായിട്ട് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ഫണ്ട് റെയ്ല്‍വേയ്ക്ക് കൈമാറാത്തതിനാല്‍ പദ്ധതി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. വര്‍ഷം തോറും പദ്ധതി തുക കൂടി വരികയും ചെയ്യുന്നു. സര്‍ക്കാര്‍ ഫണ്ട് എങ്കിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു 2014 ഡിസംബറില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചില സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നിവേദനം സമര്‍പ്പിച്ചിരുന്നു.
പരിഗണിക്കാമെന്നറിയിച്ച ഉമ്മന്‍ ചാണ്ടി നിവേദനം തുടര്‍നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

Latest