Connect with us

Gulf

മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധി; സ്വപ്‌ന പദ്ധതികള്‍ക്ക് മങ്ങലേല്‍ക്കുമെന്ന് സൂചന

Published

|

Last Updated

ദുബൈ: ഖത്വറിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മേഖലയിലെ സ്വപ്‌ന പദ്ധതികള്‍ക്ക് മങ്ങലേല്‍ക്കുമെന്ന് സൂചന. ജി സി സി റെയില്‍ പദ്ധതി, ഏകീകൃത കറന്‍സി, ഏകീകൃത കമ്പോള സമ്പ്രദായം എന്നിവയാണ് സഹകരണ രാജ്യങ്ങളുടെ സാമ്പത്തികവും സാംസ്‌കാരികവുമായ വളര്‍ച്ച ലക്ഷ്യം വെച്ച് വിഭാവനം ചെയ്തിരുന്ന പദ്ധതികള്‍. എന്നാല്‍ പുതിയ പ്രതിസന്ധി ഉടലെടുത്തതോടെ പദ്ധതികളില്‍ മേല്‍ ആശങ്കയുടെ കരിനിഴയില്‍ വീണിരിക്കുകയാണ്.
യു എ ഇയുടെ ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, സഊദി റെയില്‍, ഖത്വര്‍ റെയില്‍ തുടങ്ങി സഹകരണ രാജ്യങ്ങളിലെ വിവിധ റെയില്‍ വകുപ്പുകളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ 2021 ഓടു കൂടി നടപ്പില്‍ വരുത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ജി സി സി പദ്ധതി.

വിവിധ ജി സി സി രാജ്യങ്ങളിലായി 2,177 കിലോമീറ്റര്‍ ദൂരത്തില്‍ 25,323 കോടി ദിര്‍ഹം ചിലവിട്ടു പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പദ്ധതിയുടെ വിഭാവനം. യു എ ഇ, സഊദി അറേബ്യ, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ പദ്ധതിയുടെ 85 ശതമാനം തുക വഹിക്കാമെന്നതാണ് ധാരണ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും സഹകരണ രാജ്യങ്ങളിലെ താമസക്കാര്‍ക്കും യാത്ര ആവശ്യങ്ങള്‍ക്ക് ഏറെ പ്രയോജന പ്രദമാകുന്നതും മേഖലയിലെ ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി, ഖത്വറിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കും.

സഹോദര രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതിയായിരുന്നു “അല്‍ ഖലീജി” എന്ന് നാമകരണം ചെയ്ത യൂറോപ്യന്‍ രാജ്യങ്ങളിലെ യുറോക്ക് സമാനമായ ഏകീകൃത കറന്‍സി. യു എ ഇ സഊദി, ഖത്വര്‍ എന്നീ രാജ്യങ്ങളാണ് മേഖലയില്‍ ദ്രുത ഗതിയില്‍ സാമ്പത്തികമായി മുന്നേറുന്നത്. പുതിയ കറന്‍സി നടപ്പില്‍ വരുത്തുന്നതോടെ മറ്റ് രാജ്യങ്ങളും സാമ്പത്തികമായി മുന്നോക്കം എത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏകീകൃത കറന്‍സി സമ്പ്രദായം നടപ്പിലാക്കുന്നതിന് മുന്നോടിയായി സഹകരണ രാജ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ സ്ഥിരത കൈവരിക്കണമെന്നു അന്താരാഷ്ട്ര നാണയ നിധി മേധാവികള്‍ ഉള്‍പ്പെടെ നിരവധി രാജ്യാന്തര സാമ്പത്തിക വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രീയ അന്തരീക്ഷം മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിനു മാറ്റം വന്ന് പൂര്‍വ സ്ഥിതി കൈവരിച്ചു ഏകീകൃത നാണയമെന്ന ആശയത്തിലേക്ക് അടുക്കാന്‍ വീണ്ടും ബഹുദൂരം മുന്നോട്ട് പോകണമെന്നതാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
സഹകരണ രാജ്യങ്ങള്‍ക്കിടയില്‍ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢപ്പെടുത്തി മേഖലയിലെ കമ്പോളം ശക്തിപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ചതാണ് ഏകീകൃത കമ്പോള സമ്പ്രദായം. സഹകരണ രാജ്യങ്ങള്‍ക്കിടയില്‍ വാണിജ്യ നികുതി, കയറ്റുമതി നികുതി തുടങ്ങി വ്യാപാരവുമായി ബന്ധപ്പെട്ട എല്ലാ നികുതികളും എടുത്ത് കളഞ്ഞു, സുഗമമായ ചരക്ക് ഗതാഗതത്തിനായി സഹകരണ രാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തികളില്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചു കമ്പോള രംഗം ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ തുടക്കം കുറിച്ചിരുന്നു.
പുതിയ സാഹചര്യത്തില്‍ കര, വ്യോമ, ജല ഗതാഗത മേഖലയിലെ ചരക്ക് നീക്കത്തിനാണ് തിരിച്ചടി നേരിടുക. ഏകീകൃത കമ്പോളമെന്ന സ്വപ്‌നങ്ങള്‍ക്കുപരി നിലവിലെ ചരക്ക് നീക്കവും മന്ദഗതിയിലാകുകയും വിവിധ രാജ്യങ്ങള്‍ക്കിടയിലെ വ്യാപര ബന്ധങ്ങള്‍ക്ക് കോട്ടം തട്ടുമെന്നാണ് സൂചന.

അതേസമയം, യു എ ഇ അടക്കം നാല് അറബ് രാഷ്ട്രങ്ങള്‍ ഖത്വറുമായുള്ള വാണിജ്യ, നയ തന്ത്ര ബന്ധങ്ങള്‍ വിഛേദിച്ചതോടെ ഖത്വറില്‍ ഭക്ഷ്യ പ്രതിസന്ധി ഉടലേക്കുമെന്നു റിപോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഖത്വറിലെ ഭക്ഷ്യാവശ്യങ്ങള്‍ക്ക് 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യം 40 ശതമാനം ഭഷ്യവസ്തുക്കളും സഊദി അറേബ്യയുടെ അതിര്‍ത്തി വഴിയാണ് രാജ്യത്തേക്ക് എത്തിക്കുന്നത്. എന്നാല്‍ പുതിയ രാഷ്ട്രീയ പാശ്ചാത്തലത്തില്‍ ഖത്വറിലേക്കുള്ള തങ്ങളുടെ അതിര്‍ത്തികള്‍ അടക്കുമെന്ന് സഊദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിവിധ രാജ്യങ്ങള്‍ ഖത്വറുമായുള്ള ബന്ധങ്ങള്‍ വിഛേദിച്ചെന്ന വാര്‍ത്ത പരന്നതോടെ രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റ് വ്യാപാര കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുകയും ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറുകയും ചെയ്തിരുന്നു.
ഖത്വറിലെ വിവിധ വിപണ കേന്ദ്രങ്ങളില്‍ അഭൂത പൂര്‍വമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വ്യാപാര കേന്ദ്രങ്ങളിലെ ഷെല്‍ഫുകള്‍ ഒഴിഞ്ഞ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാല്‍ ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി വിഭവങ്ങള്‍ തുടങ്ങി പ്രതി ദിനാവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കാണ് ആവശ്യക്കാരേറിയത്. നൂറ് കണക്കിന് ലോറികളാണ് ഭക്ഷ്യവസ്തുക്കളുമായി ദിനേനെ സഊദി-ഖത്വര്‍ അതിര്‍ത്തി വഴി കടക്കാറുള്ളത്. സഊദി അതിര്‍ത്തി അടച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ കയറ്റിയുള്ള ലോറികളുടെ വരവ് നിലച്ചു രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധി നേരിടുമെന്നാണ് ഖത്വറില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇത്തരമൊരു സാഹചര്യം ഇല്ലെന്ന് ഭരണകൂടം വ്യക്തമാക്കുന്നുണ്ട്.

Latest