Connect with us

Articles

ട്രംപും വിധേയരും

Published

|

Last Updated

2015 ഡിസംബറില്‍ പാരീസില്‍ ചേര്‍ന്ന 196 രാഷ്ട്രങ്ങള്‍ പങ്കെടുത്ത സമ്മേളനം, കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് നിയന്ത്രിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ എത്തിച്ചേര്‍ന്ന ധാരണകളില്‍ നിന്ന് അമേരിക്ക പിന്‍മാറുകയാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വലിയതോതില്‍ വിമര്‍ശിക്കപ്പെടുകയാണ്. റഷ്യയുടെ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ വിമര്‍ശത്തിന്റെ അന്വുകള്‍ തൊടുക്കുന്നു. ആഗോളതലത്തില്‍ താപനിലയിലുണ്ടാകുന്ന വര്‍ധനയുടെ തോത് രണ്ട് ഡിഗ്രിയില്‍ താഴെയാക്കുക എന്നതായിരുന്നു പാരിസ് സമ്മേളനം മുന്നോട്ടുവെച്ച ലക്ഷ്യം. അതിന് പാകത്തില്‍ ഓരോ രാജ്യങ്ങളും സ്വമേധയാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഓരോ രാജ്യവും അവരവരുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ് അംഗീകരിക്കപ്പെട്ട തത്വം. സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ 196 രാജ്യങ്ങളും നിര്‍ബന്ധമായും നടപ്പാക്കണമെന്ന മട്ടിലൊരു തീരുമാനത്തിലേക്ക് പാരീസ് സമ്മേളനം പോയിരുന്നില്ല. എല്ലാവര്‍ക്കും ബാധകമാകുന്ന പൊതുതീരുമാനങ്ങളെടുക്കുക എന്നത് ഏറെക്കുറെ അസാധ്യമാണെന്ന തിരിച്ചറിവാണ്, സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ആഹ്വാനത്തിലേക്ക് ചുരുങ്ങാന്‍ സമ്മേളനത്തെ പ്രേരിപ്പിച്ചത്.

ഓരോ രാജ്യവും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ ഇന്ധനത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ഫോസില്‍ ഇന്ധനങ്ങളുടെ (പെട്രോളിയം ഉത്പന്നങ്ങള്‍) ഉപയോഗം കുറക്കുകയും അതുവഴി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കുറക്കുകയുമാണ് പ്രധാനം. പെട്രോളിയും ഉത്പന്നങ്ങളെ വലിയതോതില്‍ ആശ്രയിച്ചാണ് എല്ലാ രാഷ്ട്രങ്ങളും മുന്നോട്ടുപോകുന്നത്. അതിന്റെ ഉപഭോഗം നിയന്ത്രിച്ചാല്‍ ഊര്‍ജോത്പാദനം കുറയും, അത് വ്യവസായ മേഖലയെ പിന്നാക്കം വലിക്കും, തൊഴിലവസരങ്ങളുടെ സൃഷ്ടിയെ ബാധിക്കും അതുവഴി ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ ചുരുങ്ങും. ഇത് ലോകജനസംഖ്യയില്‍ വലിയൊരു വിഭാഗത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടാത്ത വിധം സമയമെടുത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ് പ്രായോഗികമായ മാര്‍ഗം. അതാണെങ്കില്‍പ്പോലും അവികസിത, വികസ്വര രാഷ്ട്രങ്ങളെ ഏറ്റം ദോഷകരമായി ബാധിക്കും. അതുകൊണ്ടാണ് സ്വയം നിയന്ത്രണമേര്‍പ്പെടുത്തുന്ന അവികസിത, വികസ്വര രാഷ്ട്രങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്ന ഉദ്ദേശ്യത്തില്‍ 10,000 കോടി ഡോളറിന്റെ നിധി വികസിത രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ധാരണയുണ്ടാക്കിയത്. കുറഞ്ഞത് 10,000 കോടി ഡോളറെന്നാണ് പാരീസിലുണ്ടായ ധാരണ, അതിനപ്പുറത്തുള്ള തുക സമാഹരിക്കുക എന്നതാണ് ലക്ഷ്യം.
സൈനിക – വ്യാപാര അധിനിവേശങ്ങളിലൂടെ പ്രകൃതി വിഭവങ്ങളെ വരുതിയിലാക്കുകയും അവകളെ വലിയ തോതില്‍ ചൂഷണം ചെയ്യുകയും ചെയ്താണ്, അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്ന വികസിത പദവിയിലെത്തിയത്. കൊടിയ മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് കുതറി എഴുന്നേല്‍ക്കാനുള്ള ശ്രമം തുടരുമ്പോഴും ആഗോള ഉത്പാദനത്തിന്റെ 20 ശതമാനം ഇപ്പോഴും അമേരിക്കയുടേതായി തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇന്ധന ഉപഭോഗം വര്‍ധിച്ചത് മൂലം കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കൂടിയതിനൊപ്പം പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും കൂടിയാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നത്. അതിലേക്ക് വലിയ “സംഭാവന” നല്‍കിയ വികസിത രാഷ്ട്രങ്ങളാണ് നിയന്ത്രണങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്തേണ്ടത് എന്ന വാദം വലിയതോതില്‍ ഉയര്‍ന്നിരുന്നു. അത് വേണ്ടുംവിധം പരിഗണിക്കാതെയാണ് എല്ലാ രാഷ്ട്രങ്ങളും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന വിശാലമായ ധാരണയിലേക്ക് പാരീസ് സമ്മേളനം എത്തിയത്. അതുകൊണ്ട് തന്നെ പാരീസിലുണ്ടാക്കിയ ധാരണ നീതിയോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നുവെന്ന് പൂര്‍ണമായും പറയുക വയ്യ. ആ ധാരണയില്‍ നിന്ന് പിന്മാറാന്‍ ഏകപക്ഷീയമായി തീരുമാനിക്കുമ്പോള്‍ അന്ത്രാഷ്ട്ര മര്യാദകളോ വിശാലമായ ജനാധിപത്യ സങ്കല്‍പ്പങ്ങളോ തന്റെ പരിഗണനയിലില്ലെന്ന് ആവര്‍ത്തിക്കുകയാണ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോഴും പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷവും പിന്തുടര്‍ന്ന തികച്ചും വംശീയവും ഏകാധിപത്യപരവുമായ നിലപാടുകളുടെ തുടര്‍ച്ചയായി മാത്രമേ ഇതിനെ കാണേണ്ടതുള്ളു. ഇതില്‍ നിന്ന് ഭിന്നമായൊരു കാഴ്ചപ്പാട് ട്രംപില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധം. ഇത് ട്രംപ് എന്ന വ്യക്തിയുടേത് മാത്രമല്ലെന്ന വസ്തുതയും കാണാതെ പോകരുത്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തുടങ്ങി അമേരിക്കയിലെ ബേങ്കുകളെ പാപ്പരാക്കിക്കൊണ്ട് വ്യാവസായിക മേഖലയിലേക്ക് പടര്‍ന്നുകയറി 2008ഓടെ ലോക സമ്പദ് വ്യവസ്ഥയെ ഗ്രസിച്ച മാന്ദ്യത്തെ നേരിടാന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു എസ് ഭരണകൂടം സ്വീകരിച്ച നയങ്ങളുടെ കുറേക്കൂടി തീവ്രമായ തുടര്‍ച്ചയായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. അമേരിക്കയടക്കമുള്ള വികസിത രാഷ്ട്രങ്ങള്‍ സ്വന്തം കമ്പോളങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വിവിധ വ്യാപാര കരാറുകളിലെ വ്യവസ്ഥകളെ പുറംകാലുകൊണ്ട് തൂത്തെറിഞ്ഞ് ആഭ്യന്തര കമ്പോളത്തെ സംരക്ഷിക്കാന്‍ പാകത്തിലുള്ള പല നടപടികളും അന്ന് ഒബാമ ഭരണകൂടം കൈക്കൊണ്ടിരുന്നു. വ്യാപാര കരാറുകളിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അമേരിക്കന്‍ കമ്പോളത്തിലേക്ക് എത്തുന്ന മറ്റു രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പലതിനും ഉയര്‍ന്ന ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു അന്ന്. നിയമങ്ങളില്‍ മാറ്റം വരുത്താതെ തന്നെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുകയും പരിശോധനകള്‍ വ്യാപിപ്പിക്കുകയും ചെയ്ത് വിദേശ ഉത്പന്നങ്ങളെ പുറന്തള്ളാന്‍ മടിച്ചിരുന്നില്ല അമേരിക്കന്‍ ഭരണകൂടം. ശാസ്ത്രീയ പരിശോധനകളുടെ പിന്‍ബലമില്ലാതെ നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പുറംതള്ളലും വ്യാപകമായിരുന്നു. ഇതിനെയൊന്നും ചോദ്യം ചെയ്യാനോ കരാറുകള്‍ ലംഘിച്ച് ആഭ്യന്തര വിപണി സംരക്ഷിക്കാന്‍ അമേരിക്ക സ്വീകരിച്ച നടപടികളെ ചെറുക്കാനോ ലോക രാഷ്ട്രങ്ങളൊന്നും തയ്യാറായില്ല. അവരുടെ സാമ്പത്തിക – സൈനിക അധികാരം അംഗീകരിച്ച് പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ് ഇതര രാഷ്ട്രങ്ങളൊക്കെ ചെയ്തത്.

പാരിസിലുണ്ടാക്കിയ ധാരണകളില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിക്കുമ്പോള്‍ വിമര്‍ശവുമായി രംഗത്തെത്തുന്ന നരേന്ദ്ര മോദിയടക്കമുള്ള ലോക നേതാക്കളൊക്കെ വിനീത വിധേയരുടെ വേഷം കുറേക്കൂടി ഭംഗിയായി അഭിനയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അമേരിക്ക പിന്‍മാറിയാലും സ്വയം നിയന്ത്രണങ്ങളെന്ന പാരീസ് ധാരണയില്‍ തുടരുമെന്ന ഇവരുടെ പ്രഖ്യാപനങ്ങളൊക്കെ അമേരിക്കയുടെ താത്പര്യങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന പ്രഖ്യാപനം കൂടിയാണ്. 16 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ കടം. അവരുടെ ആകെ ആഭ്യന്തര ഉത്പാദനത്തിന് 105 ശതമാനമാണിത്. 37 ലക്ഷം കോടിയുടെ മറ്റ് ബാധ്യതകള്‍ വേറെ. ഇതില്‍ നിന്ന് കരകയറാന്‍ പാകത്തിലുള്ള സാമ്പത്തിക വളര്‍ച്ചാ നിരക്കിലേക്ക് അമേരിക്ക എത്തിയിട്ടുമില്ല. രണ്ടര ശതമാനത്തോളം മാത്രമാണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്. 2017ലെ ആദ്യ പാദത്തില്‍ അത് ദശാംശം ഏഴ് ശതമാനം മാത്രമായിരുന്നു. ഒബാമ പ്രസിഡന്റായിരുന്ന 2016ലെ അവസാന പാദത്തില്‍ നിരക്ക് 2.5 ശതമാനമായിരുന്നുവെന്നത് കൂടി ഓര്‍ക്കുമ്പോഴാണ് ആ രാജ്യം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസ്സിലാകുക. ഈ സാമ്പത്തികാവസ്ഥയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പാകത്തിലുള്ള നടപടികള്‍ മാത്രമേ ട്രംപ് ഭരണകൂടത്തിന് സ്വീകരിക്കാനാകൂ. അതുകൊണ്ടാണ് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള ശ്രമത്തേക്കാള്‍ മുന്‍ഗണന രാജ്യത്തിന്റെ വളര്‍ച്ചക്കാണെന്ന് ട്രംപ് പറയുന്നത്.

കടുത്ത പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ഉറ്റുനോക്കിക്കൊണ്ടാണ് ഇന്ത്യയടക്കം ഇതര രാഷ്ട്രങ്ങള്‍ തങ്ങളുടെ അജണ്ടകളും മുന്‍ഗണനകളും നിര്‍ണയിക്കുന്നത് എന്നതാണ് കാതലായ പ്രശ്‌നം. പാരിസ് ധാരണയിലുള്ള ട്രംപിന്റെ പ്രഖ്യാപനം വരുമ്പോഴും അതിലൊരു മാറ്റമുണ്ടാകുന്നില്ല. നിങ്ങളുടെ വളര്‍ച്ചയേക്കാള്‍ പ്രധാനമാണ് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള നടപടികളെന്ന് തുറന്ന് പറയാന്‍ ആരും തയ്യാറല്ല. തലമുറകളുടെ ആവശ്യം ലാക്കാക്കിയാണ് പാരീസില്‍ ചില ധാരണകളുണ്ടാക്കിയതെന്നും എക്കാലത്തും ചൂഷക സ്ഥാനത്തുണ്ടായിരുന്ന നിങ്ങള്‍ക്ക്, ഇനിയും ഇളവുകള്‍ നല്‍കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്നുമാണ് 195 രാജ്യങ്ങള്‍ പ്രഖ്യാപിക്കേണ്ടത്. അതിന് തയ്യാറാവുന്നില്ലെങ്കില്‍ ഇതര അന്താരാഷ്ട്ര കരാറുകളുടെ കാര്യത്തില്‍ അമേരിക്കക്ക് അര്‍ഹമായ പരിഗണന ലഭിക്കില്ലെന്ന് അറിയിക്കാനുള്ള ചങ്കുറപ്പാണ് വേണ്ടത്. അതില്ലാത്തതുകൊണ്ടാണ് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് തൃപ്തരാകാന്‍, അമ്പത്തിയാറിഞ്ച് നെഞ്ചളവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുടെ അധികാരിയെന്ന വീമ്പിളക്കലും സ്വന്തമായുള്ള നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ തയ്യാറാകുന്നത്.

കാര്‍ബണ്‍ രഹിത ഊര്‍ജോത്പാദനത്തിന് പ്രധാനമായി പരിഗണിക്കപ്പെടുന്നത് സോളാര്‍ പാനലുകളെയാണ്. ഇത് വ്യാപിപ്പിക്കാന്‍ ഇന്ത്യയില്‍ ശ്രമം തുടങ്ങിയിട്ട് ഏറെക്കാലമായി. കൂടുതല്‍ തീവ്രശ്രമത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ തുല്യാവസരം തേടി അമേരിക്ക രംഗത്തുവന്നിരുന്നു. ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പാനലുകളോട് തുല്യനിലയില്‍ മത്സരിക്കാന്‍ അമേരിക്കന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് സാധിക്കും വിധത്തില്‍ ക്രമീകരണമുണ്ടാകണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല. അമേരിക്ക പരാതിയുമായി ലോക വ്യാപാര സംഘടനയെ സമീപിച്ചു. അമേരിക്കക്ക് അനുകൂലമായിരുന്നു വിധി. തങ്ങളുടെ വ്യാപാര താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അന്താരാഷ്ട്ര കരാറുകളെ ഉപാധിയാക്കുന്നതില്‍ വിട്ടുവീഴ്ച കാട്ടാത്ത അമേരിക്കന്‍ ഭരണകൂടം, സ്വന്തം താത്പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടി അന്താരാഷ്ട്ര ധാരണകളില്‍ നിന്ന് പിന്‍മാറുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയോ മുറിപ്പെടുത്താതെ വിമര്‍ശിക്കുകയോ മാത്രമേ കരണീയമായുള്ളൂ. അതിനപ്പുറത്ത് എന്തെങ്കിലും ചെയ്യണമെങ്കില്‍, പരാശ്രിതത്വം കുറയണം. അതിലേക്ക് നയിക്കും വിധത്തിലുള്ള നയരൂപവത്കരണം നടക്കണം. അതിന് തുനിയാതെ, ഊതിവീര്‍പ്പിച്ച കണക്കുകളുടെ ബലത്തില്‍ വലിയ വളര്‍ച്ചയുടെ മേനി നടിക്കുന്നവര്‍ക്ക് ട്രംപിന് മുന്നില്‍ കുനിഞ്ഞ ശിരസ്സേയുണ്ടാകൂ. അത് നന്നായി അറിയാമെന്നതാണ് ഡൊണാള്‍ഡ് ട്രംപിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെയും ജയം.

അപ്പോള്‍ പിന്നെ അമേരിക്ക പിന്‍മാറിയാലും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള അന്താരാഷ്ട്ര ധാരണയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കാം. ഭൂമിയെ ദേവിയായും സൂര്യനെ ദേവനായും കണക്കാക്കുന്ന വിശ്വാസധാരയുടെ തുടര്‍ച്ചയായതിനാല്‍ ധാരണകളുടെ പിന്‍ബലമൊന്നുമില്ലാതെ തന്നെ പ്രകൃതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് ആശ്വസിക്കുകയും ചെയ്യാം. ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്നത് യശോധാവള്യമേറ്റുകയേയുള്ളൂ!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest