Connect with us

International

പാക്കിസ്ഥാന് തിരിച്ചടി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ റോണി എബ്രഹാം ഉള്‍പ്പെട്ട 11 അംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം തള്ളിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്‌റ്റേ ചെയ്തത്. കേസില്‍ 1977ലെ വിയന്ന കണ്‍വന്‍ഷന്റെ ഉടന്പടി ലംഘനമുണ്ടായിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി കുല്‍ഭൂഷണെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും പാക്കിസ്ഥാനെ ഓര്‍മിപ്പിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിലാണെന്നും ഇത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍ വരില്ലെന്ന പാക്കിസ്ഥാന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമാണ്. കേസ് പരിഗണിക്കാന്‍ കോടതിക്ക് അവകാശമുണ്ട്. കുല്‍ഭൂഷണെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശമുണ്ടെന്നും ഇത് നിഷേധിച്ച പാക്കിസ്ഥാന്‍ നടപടി വിയന്ന കണ്‍വന്‍ഷന്‍ ഉടന്പടിയുടെ ലംഘനമാണെന്നും കോടതി ഉത്തരവിട്ടു.

കുല്‍ഭൂഷണ് നിയമസഹായം നല്‍കാതിരുന്നത് തെറ്റായ നടപടിയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചില്ല. ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്റെ സുരക്ഷ പാക്കിസ്ഥാന്‍ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. ജാദവ് ഭീകരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റം തെളിയിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ലെന്നും ഭീകരവാദ കുറ്റം ചുമത്തിയ നടപടി വിശദമായി പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ നീതിപൂര്‍വമായ വിചാരണ വേണം. ജാദവിനെതിരേ ഭീകരക്കുറ്റം ചുമത്തിയ നടപടി അന്താരാഷ്ട്ര കോടതിയും വിശദമായി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്ക് കോടതി നടപടി നിയമ വിരുദ്ധമാണെന്നായിരുന്നു അന്താരാഷ്ട്ര കോടതിയിലെ ഇന്ത്യയുടെ പ്രധാന വാദം. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കിയോ എന്ന അറിവില്ലാത്ത സാഹചര്യത്തില്‍ കേസ് അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഇന്ത്യയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്.

ഇന്ത്യന്‍ നാവിക സേനയില്‍ നിന്നു കമാന്‍ഡറായി റിട്ടയര്‍ ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്നുമാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.

മുന്‍ നാവിക ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവ് വ്യാപാര ആവശ്യങ്ങള്‍ക്ക് ഇറാനില്‍ എത്തിയപ്പോള്‍ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇന്ത്യയുടെ വാദം. 18 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഒരു കേസില്‍ എതിര്‍ കക്ഷികളാകുന്നത്.

Latest