Connect with us

Gulf

ഖത്വർ എയർവേയ്സിനെതിരെ ഇന്ത്യൻ വിമാനക്കന്പനികൾ രംഗത്ത്

Published

|

Last Updated

ദോഹ: ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപനം വന്നതിനു പിറകേ തടസ്സവാദങ്ങളുമായി ഇന്ത്യന്‍ വിമാന കമ്പനികളുടെ കൂട്ടായ്മ രംഗത്ത്. ഖത്വര്‍ എയര്‍വേയ്‌സിന്റെ ഇന്ത്യന്‍ ആഭ്യന്തര സംരംഭത്തിന് രാഷ്ട്രീയവും നിയമപരവുമായ പ്രതിരോധങ്ങളും കടമ്പകളും നേരിടേണ്ടി വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപനം വന്നയുടന്‍ തന്നെ സ്വകാര്യ വിമാന കമ്പനികളും സംഘടനയും ഖത്വര്‍ എയര്‍വേയ്‌സ് പദ്ധതി തടയുന്നതിനായി നീക്കങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചു.
സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ്‌സിംഗും ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷും ഇന്നലെ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. വിഷയം കോടതിയുടെ മുന്നില്‍ കൊണ്ടു വരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫി ഐ എ) പ്രതിനിധി അറിയിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിദേശ കമ്പനികള്‍ക്ക് രാജ്യത്തെ സിവില്‍ വ്യോമയാന മേഖലയില്‍ 100 ശതമാനം നിക്ഷേപം അനുവദിക്കുന്ന നിയമഭേദഗതി ഫെഡറേഷന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പിലാക്കാതെ വെച്ചിരിക്കുകയായിരുന്നുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നതാണ് സര്‍ക്കാറിന്റെ നയമെന്ന് ആര്‍ എന്‍ ചൗധരി ദി ഹിന്ദുവിനോടു പറഞ്ഞു.
സിവില്‍ ഏവിയേഷന്റെ അംഗീകാരം നേടിയ ശേഷമേ നിക്ഷേപം നടത്താന്‍ സാധ്യമാകൂ. മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് 49 ശതമാനത്തിനു മുകളില്‍ നിക്ഷേപം നടത്താനാണ് ഖത്വര്‍ എയര്‍വേയ്‌സ് ആലോചിക്കുന്നത്. അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ അനുമതി നല്‍കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ ആരംഭിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ 100 ശമതാനം വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാറിന്റെ വിജ്ഞാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അതിന്റെ അന്തിമരൂപം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചൗധരി വ്യക്തമാക്കി. ഈ സാഹചര്യംകൂടി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ കമ്പനികള്‍ ഖത്വര്‍ എയര്‍വേയ്‌സിനെതിരെ രംഗത്തു വരുന്നത്.
ലോകത്ത് ഒരു രാജ്യത്തും വിദേശ വിമാന കമ്പനികള്‍ക്ക് പൂര്‍ണ അവകാശം നല്‍കുന്നില്ലെന്ന് ഫെഡറേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഉജ്വല്‍ ഡേ നേരത്തേ വ്യക്തമാക്കിയിരുന്നു. ഗതാഗതം, ടൂറിസം, സാംസ്‌കാരിക വകുപ്പുകള്‍ക്കായുള്ള പാര്‍ലിമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുകുള്‍ റോയിക്ക് നല്‍കിയ കത്തിലാണ് ഉജ്വല്‍ കഴിഞ്ഞ മാസം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലും കാനഡയിലും വരെ 25 ശതമാനം വോട്ടിംഗ് അവകാശമാണ് നല്‍കുന്നത്.
യൂറോപ്പില്‍ 49 ശതമാനം ഉടമസ്ഥാവകാശമാണ് നല്‍കുന്നത്. ജി സി സിയിലെയും റഷ്യയിലെയും വ്യോമയാന മേഖല വിദേശ ഉടമസ്ഥാവകാശത്തെ കര്‍ശനമായി നിയന്ത്രിക്കുന്നു. എന്നാല്‍ ഇന്ത്യ എന്തു കൊണ്ടാണ് ഈ രീതിയില്‍ മുന്നോട്ടു പോകുന്നതന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
അതിനിടെ രാഷ്ട്രീയമായ എതിര്‍പ്പുകളും ഖത്വര്‍ എയര്‍ സംരംഭത്തിനു നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിദേശ വിമാന കമ്പനിക്ക് നൂറു ശതമാനം ഉടമസ്ഥാവകാശത്തിന് അവസരം നല്‍കുന്നത് നയപരമായ പ്രശ്‌നാമയി തന്നെ പാര്‍ലിമെന്റിലും പുറത്തും ഉയര്‍ന്നു വരുമെന്നാണ് നിരീക്ഷണം. ആഭ്യന്തര വിമാന കമ്പനികള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തു വരുമ്പോള്‍ ഈ വിഷയം ഏറ്റെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധമാകും. കോടതിക്കു മുന്നില്‍ നിയമയുദ്ധത്തിനും വഴി തുറക്കുമെന്നാണ് നിരീക്ഷണങ്ങള്‍.

Latest