Connect with us

Kerala

സെക്രട്ടേറിയറ്റ് വളപ്പില്‍ പരസ്യമായി കൈക്കൂലി; പൊതുമരാമത്ത് എന്‍ജിനീയറെ മന്ത്രി സസ്‌പെന്റ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പില്‍ വെച്ച് പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും ഡ്രൈവറെയും സസ്‌പെന്റ് ചെയ്തു. എന്‍ജിനീയര്‍ ഷഹാനാബീഗത്തെയും ടിയാളുടെ ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എ.ജെയെയുമാണ് സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. പൊതുമരാമത്തും രജിസ്‌ട്രേഷനും മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

ഈ മാസം മൂന്നിന് വൈകിട്ട് എഞ്ചിനീയര്‍ അവരുടെ ഔദ്യോഗിക വാഹനത്തില്‍ സെക്രട്ടേറിയറ്റിലെ ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി എത്തിയപ്പോള്‍ കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങി എന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിരുന്നു. പ്രസ്തുത സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മേല്‍പ്പറഞ്ഞ ആരോപണം ശരിയാണെന്ന് കണ്ടാണ് മന്ത്രി ജി സുധാകരന്‍ നടപടി എടുത്തത്. കോണ്‍ട്രാക്ടര്‍ പരസ്യമായി രൂപ എടുത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാറിനകത്തേക്ക് നല്‍കുന്നത് വ്യക്തമായി ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. മറ്റൊരാള്‍ ഡ്രൈവര്‍ക്കും കൈക്കൂലി നല്‍കുന്നുണ്ട്.
സെക്രട്ടേറിയറ്റ് പരിസരത്തുവെച്ച് പരസ്യമായി കൈക്കൂലി നല്‍കിയ കോണ്‍ട്രാക്ടര്‍ സിജോ, ആലീസ് ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം എന്ന വ്യക്തിയുടെയും, അയാളോടൊപ്പമുണ്ടായിരുന്നവരുടെയും, കൈക്കൂലി വാങ്ങിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെയും, െ്രെഡവറുടെയും പേരില്‍ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്നും മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സസ്‌പെന്‍ഷനിലായ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അനധികൃത സമ്പാദ്യത്തെപ്പറ്റി അന്വേഷിക്കും. ഇലക്ട്രിക്കല്‍ എക്‌സിക്യൂട്ടീവ്എന്‍ജിനീയറുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ഉടന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് വിജിലന്‍സിനോട് മന്ത്രി ജി സുധാകരന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Latest