Connect with us

National

നോട്ട് നിരോധം സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ തുടക്കമെന്ന് മന്‍മോഹന്‍ സിംഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധത്തിന്റെ പരിണിത ഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും, ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ തുടക്കമാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ജന്‍ വേദന എന്ന പേരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ഒരു ദുരന്തമാണ്. രാജ്യത്തെ മോശപ്പെട്ട സ്ഥിതിയിലേക്ക് നയിക്കുന്ന ഈ തീരുമാനം പരിതാപകരമായ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കും. ദുരിതങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ

നോട്ട് നിരോധനത്തിന് ശേഷമുള്ള രാജ്യത്ത സ്ഥിതിഗതികളില്‍ പുരോഗതിയുണ്ടെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞ അദ്ദേഹം രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 6.3 ശതമാനത്തിലേക്ക് താഴുമെന്നാണ് റിപ്പോര്‍ട്ടുകളെന്ന് സൂചിപ്പിച്ചു. ഇതില്‍ നിന്ന് തന്നെ ദുരന്തത്തിന്റെ ആഴം മനസ്സിലാക്കാം. ദേശീയ വരുമാനത്തില്‍ രണ്ടുവര്‍ഷം കൊണ്ട് വര്‍ധന ഉണ്ടാക്കുമെന്ന മോദി വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.6 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനത്തിലേക്ക് താഴ്ത്തിയിരിക്കുന്നു. തൊഴിലില്ലായ്മ, കാര്‍ഷിക രംഗത്തെ തളര്‍ച്ച, കാര്‍ഷിക അസംഘടിത മേഖലകളുടെ തകര്‍ച്ച എന്നിവക്ക് നോട്ട് നിരോധനം വഴിവെക്കും. നോട്ട് നിരോധം ഏര്‍പ്പെടുത്തിയ നവംബര്‍ എട്ടിന് മന്ത്രിസഭാ യോഗം ചേര്‍ന്നതിന് തെളിവില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്തരം പ്രഹസനം ആരും നടത്തിയിട്ടില്ലെന്ന് തുടര്‍ന്ന് സംസാരിച്ച മുന്‍ധനമന്ത്രി പി ചിദംബരം പരിഹസിച്ചു.

 

Latest