Connect with us

Editorial

വിജിലന്‍സിനെതിരെ കോടതി

Published

|

Last Updated

ഗൗരവതരമാണ് വിജിലന്‍സിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതി ഉന്നയിച്ച വിമര്‍ശം. വിജിലന്‍സ് മുമ്പാകെ വരുന്ന പരാതി ഭരണതലത്തിലെ ഉന്നതര്‍ക്കെതിരെയാകുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുന്നതില്‍ വിമുഖത കാണിക്കുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. മന്ത്രി മേഴ്‌സിക്കുട്ടി അമ്മ, മുന്‍ മന്ത്രി ഇ പി ജയരാജന്‍, എ ഡി ജി പി ആര്‍ ശ്രീലേഖ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് കാണിച്ച കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. ഈ മൂന്ന് കേസുകളിലും പരാതി ലഭിച്ചു മാസങ്ങള്‍ കഴിഞ്ഞു കേസ് കോടതികളിലെത്തിയ ശേഷമാണ് അന്വേഷണത്തിന് ഉത്തരവിടുന്നത.്

വിജിലന്‍സില്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. ഭരണ, ഉദ്യോഗസ്ഥ തലങ്ങളിലെ പ്രമുഖര്‍ക്കെതിരെ ലഭിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടുന്നതില്‍ കാലതാമസം വരുന്നതായും പലകേസുകളിലും തുടരന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും രണ്ട് വര്‍ഷം മുമ്പ് പുറത്തുവന്ന വിവരാവകാശ രേഖ വ്യക്തമാക്കിയതാണ്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായിട്ടും വിചാരണ തുടങ്ങാത്ത കേസുകള്‍ വര്‍ധിക്കുകയാണെന്നും രേഖകള്‍ കാണിക്കുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാണ് വലിയൊരളവോളം കാരണം. ഇത് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനിടയാക്കാറുമുണ്ട്. ഇതിനിടെ ഒരു ഉന്നത ഉദ്യോഗസ്ഥനെതിരായ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ വിജിലന്‍സിനെ സമ്മര്‍ദത്തിലാക്കുന്ന ശക്തമായ ഇടപെടലുകളും മനോവീര്യം തകര്‍ക്കുന്ന നടപടികളും നേരിടേണ്ടി വന്ന കാര്യം ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഭരണത്തില്‍ ബാര്‍കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥനെ എ ജി രണ്ട് തവണ വിളിച്ചു വരുത്തി സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്ന റിപ്പോര്‍ട്ട് നല്‍കരുതെന്ന് ആവശ്യപ്പെട്ട കാര്യം പുറത്തുവന്നതാണ്. സര്‍ക്കാറിന് ഇടപെടാവുന്ന തരത്തില്‍ വിജിലന്‍സ് ചട്ടങ്ങളില്‍ ഇടക്കിടെ ഭേദഗതി വരുത്തുകയും പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യാറുമുണ്ട്. 1992ല്‍ വിജിലന്‍സ് മാന്വല്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ ഭരണാധികാരികള്‍ക്ക് ഇടപെടാന്‍ വേണ്ടിയാണെന്ന് 2011ല്‍ ഹൈക്കോടതി വിലയിരുത്തുകയുണ്ടായി.
സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ അഴിമതിക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന ഉദ്യോഗസ്ഥനായാണ് ജേക്കബ് തോമസ് അറിയപ്പെടുന്നത്. അദ്ദേഹം വിജിലന്‍സിന്റെ തലപ്പത്ത് വന്നപ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഉന്നതര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന ചട്ടം എടുത്തുകളഞ്ഞത് ഉള്‍പ്പെടെ ചില ധീരമായ കാല്‍വെപ്പുകള്‍ ഉണ്ടാകുകയും ചെയ്തു. എന്നാല്‍ കോടതി ചൂണ്ടിക്കാട്ടിയത് പോലെ അടുത്തിടെ ചില ഉന്നതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സില്‍ നിന്ന് അസ്വാഭാവികമായ കാലതാമസം ഉണ്ടായിട്ടുണ്ട്. കശുവണ്ടി ഇറക്കുമതി കേസിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിജിലന്‍സ് അന്വേഷണം നേരിടുന്നത.് കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും ചേര്‍ന്ന് ഓണക്കാലത്ത് കശുവണ്ടി ഇറക്കുമതി ചെയ്തത് ചെറിയ തുകക്കുള്ള ടെന്‍ഡര്‍ ഒഴിവാക്കിയാണെന്നും സര്‍ക്കാറിന് ഇത് 10.34 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ചു വിജിലന്‍സില്‍ പരാതി ലഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. പരാതി കോടതിയിലെത്തിയ ശേഷം കോടതി അത് പരിഗണിക്കുന്നതിന്റെ തലേന്നാണ് ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടത്.

ജീവനക്കാരില്ലെന്നതാണ് അന്വേഷണ നടപടികള്‍ വൈകുന്നതിന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്ന കാരണം. വിജിലന്‍സിന്റെ മുമ്പിലെത്തുന്ന കേസുകള്‍ പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. അതിനനുസരിച്ചു നിയമനങ്ങള്‍ നടക്കുന്നില്ല. ഇതിന് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്. കാരണങ്ങള്‍ എന്തുമാകട്ടെ, ഉന്നതര്‍ക്കെതിരെയുള്ള കേസുകളില്‍ കാണിക്കുന്ന അവധാനത ജനങ്ങള്‍ക്ക് നിയമ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാനും അഴിമതി വര്‍ധിക്കാനും ഇടവരുത്തും. രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് പകരം അരാഷ്ട്രീയമായ ബദല്‍ മാര്‍ഗങ്ങളില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയും, അത് ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുകയും സംഘര്‍ഷഭരിതമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. അഴിമതി രഹിത കേരളമാണ് എല്‍ ഡി എഫ് വാഗ്ദാനങ്ങളിലൊന്ന്. ഇത് സാര്‍ഥകമാകണമെങ്കില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിജിലന്‍സിനെ അനുവദിക്കേണ്ടതുണ്ട്. ബാഹ്യമായ ഇടപെടലുകളെ അവഗണിച്ചു സത്യസന്ധമായി മുന്നേറാനുള്ള മനോവീര്യം ഉദ്യോഗസ്ഥര്‍ പ്രകടമാക്കുകയും വേണം.

---- facebook comment plugin here -----

Latest