Connect with us

Kerala

കേരളം ഒന്നിച്ചു; ഹരിത കേരളം മിഷന് തുടക്കമായി

Published

|

Last Updated

ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനോദ്ഘാടനം തിരുവനന്തപുരം കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കളത്തറക്കല്‍ ഏലായില്‍ കൃഷിയിറക്കാനുള്ള ഞാറ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. കെ ജെ യേശുദാസ്, മഞ്ജു വാര്യര്‍ സമീപം

തിരുവനന്തപുരം: സംസ്ഥാനത്ത് ശുദ്ധജലവും ശുദ്ധവായുവും കാര്‍ഷിക സമൃദ്ധിയും ഉറപ്പാക്കുമെന്ന ഏകമനസ്സോടെ കേരളം ഒന്നിച്ചിറങ്ങിയ ദിവസമായിരുന്നു ഇന്നലെ. അറുപതാണ്ടിന്റെ തിളക്കമാഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള മിഷനുകളിലെ പ്രധാന ഇനമായ ഹരിതകേരളം മിഷന് കേരള ജനതയുടെ ആത്മാര്‍ഥ സമര്‍പ്പണത്തോടെ സമാരംഭമായി. ജലസംരക്ഷണം, മാലിന്യനിര്‍മാജനം, കൃഷി പരിപോഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയിലൂടെ സംസ്ഥാനത്താകെ 15,965 പ്രവൃത്തികള്‍ക്കാണ് ഇന്നലെ തുടക്കമായത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കിലെ കൊല്ലയില്‍ കളത്തറയ്ക്കല്‍ ഏലായില്‍ ബഹുജന പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പതിനാലേക്കര്‍ വരുന്ന കൊല്ലയില്‍ പാടശേഖരത്തില്‍ ഞാറുനട്ടാണ് സംസ്ഥാനത്ത് പുത്തന്‍ ഹരിതവിപ്ലവത്തിന് മുഖ്യമന്ത്രി നാന്ദി കുറിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം എല്‍ എമാര്‍, തദ്ദേശ ജനപ്രതിനിധികള്‍ എന്നിവരെ കൂടാതെ ചലച്ചിത്രതാരം മഞ്ജു വാര്യര്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ തുടങ്ങിയ പ്രമുഖ വ്യക്തികളും സംസ്ഥാനതല ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു.
നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂര്‍ തുമ്പോട് നടീല്‍ ഉത്സവം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലുള്ള ചിറക്കുളം കോളനി ശുചീകരണം മന്ത്രി എ കെ ബാലനും നൂറു വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്ന ചടങ്ങ് ചാക്കയില്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് പഴങ്ങാലം മുടീപ്പടീക്കല്‍ കുളം നവീകരണ പരിപാടി ഫീഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു. പത്തനംതിട്ട നഗരത്തെ ചുറ്റി ഒഴുകുന്ന തച്ചന്‍പടി-കണ്ണന്‍കര നീര്‍ച്ചാലില്‍ നിന്ന് മാലിന്യം നീക്കിയാണ് മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്കും മാത്യു ടി തോമസും ഹരിതകേരളം പദ്ധതിക്ക് തുടക്കമിട്ടത്. ആലപ്പുഴയില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മാങ്ങാച്ചിറ പാടശേഖരത്ത് നെല്‍വിത്ത് വിതച്ച് വനം, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും അഡ്വ. കെ രാജു നിര്‍വഹിച്ചു.
ഇടുക്കിയില്‍ വൈദ്യുതി മന്ത്രി എം എം മണിയും എറണാകുളത്ത് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. മമ്മൂട്ടിയും, ശ്രീനിവാസനും ജില്ലാതല പരിപാടികളില്‍ പങ്കാളികളായി.
തൃശൂരില്‍ വ്യവസായ മന്ത്രി ഏ സി മൊയ്തീനും പാലക്കാട് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ജില്ലാതല പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു. വയനാട് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും മലപ്പുറത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലും ജില്ലാതല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
കണ്ണൂരില്‍ മന്ത്രിമാരായ കെ കെ ശൈലജടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും സംയുക്തമായി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. എം മുകുന്ദന്‍, കെ കെ മാരാര്‍, മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ ജില്ലാതല പരിപാടികളില്‍പങ്കാളികളായി. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.