Connect with us

Kerala

ഫൈസല്‍ വധം: പ്രധാന പ്രതികളായ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശിയായ കുട്ടാപ്പു എന്ന കുട്ടൂസും വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിമംകാവ് സ്വദേശിയായ അപ്പു എന്ന ശ്രീകേഷും ആണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖ്യപ്രതികളിലൊരാളായ തിരൂര്‍ പുല്ലൂണി സ്വദേശി ബാബു എന്ന പ്രജീഷിനെ കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള എട്ട് പേരെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം പതിനൊന്നായി. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ തിരൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്യാനുണ്ട്. തിരൂര്‍ യാസിര്‍ വധക്കേസിലെ പ്രധാന പ്രതിയാണിയാളെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം ഗൂഢാലോചനയില്‍ പങ്കുള്ള പലരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ അറസ്റ്റിലായ രണ്ട് പേരെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ബാബു എന്ന പ്രജീഷിനെയും പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി തിരൂര്‍ ജയിലിലേക്ക് മാറ്റി. ഇപ്പോള്‍ അറസ്റ്റിലായവര്‍ ഹിന്ദു തീവ്രവാദ സംഘടനാ പ്രവര്‍ത്തകരാണ്.

ഒരു വര്‍ഷം മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച ഫൈസലിനെ കഴിഞ്ഞ 19ന് പുലര്‍ച്ചെ അഞ്ചിനാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഫൈസലിന്റെ മതം മാറ്റത്തിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്. കഴിഞ്ഞ മാസം 20 ന് വിദേശത്ത് പോവാനിരിക്കുന്ന ഫൈസല്‍ തന്റെ ഭാര്യാ ബന്ധുക്കളെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊണ്ടു വരുന്നതിനായി സുഹൃത്തിന്റെ ഓട്ടോയുമായി പോകുമ്പോഴാണ് അക്രമികള്‍ ഫൈസലിനെ വധിച്ചത്. നേരത്തെ അറസ്റ്റിലായ എട്ട് പേരില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവും ഉള്‍പ്പെടും.

Latest