Connect with us

Kannur

എന്‍ജി. പ്രവേശനം: മാനേജ്‌മെന്റുകള്‍ നിലപാട് തിരുത്തണമെന്ന് എസ് എഫ് ഐ

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പ്രവേശനത്തില്‍ സ്വാശ്രയ എന്‍ജിനീയറിംഗ് മാനേജ്‌മെന്റുകളുടെ നിലപാടുകള്‍ തിരുത്താന്‍ തയ്യാറാകണമെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്വാശ്രയ എന്‍ജിനീയറിംഗ് പ്രവേശനത്തില്‍ ഒഴിവ് വരുന്ന സീറ്റുകളില്‍ പ്ലസ് ടു പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും എന്‍ട്രന്‍സ് പരീക്ഷയിലെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കൂടിയാകണം പ്രവേശനം നല്‍കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു.
എന്‍ട്രന്‍സ് പരീക്ഷയില്‍ അഭിരുചിയില്ലാത്തവരായ, മിനിമം മാര്‍ക്കായ 10 പോലും നേടാത്തവര്‍ക്ക് പ്രവേശനം നല്‍കുന്നതിലൂടെ മെറിറ്റ് അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രവേശന മാനദണ്ഡത്തില്‍ വെള്ളം ചേര്‍ക്കുന്നത് സംസ്ഥാനത്തെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കുന്നതിനിടയാക്കുമെന്ന് എസ് എഫ് ഐ കുറ്റപ്പെടുത്തി.
സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുന്ന എ ബി വി പി- കെ എസ് യു- യൂത്ത്‌കോണ്‍ഗ്രസ് നടപടി അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്തെ കേരള സര്‍വകലാശാല യൂനിയന്‍ ഓഫീസായ സ്റ്റുഡന്റ്‌സ് സെന്ററിന് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് യൂത്ത്‌കോണ്‍ഗ്രസ് അക്രമം നടത്തിയതെന്ന് എസ് എഫ് ഐ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വിജിന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, ജില്ലാ ഭാരവാഹികളായ മുഹമ്മദ് സിറാജ്, ജിതിന്‍ദാസ് സംബന്ധിച്ചു.

Latest