Connect with us

Kerala

തിത്തിക്കുട്ടി ഉമ്മയുടെ നിസ്‌ക്കാരപ്പായക്ക് കണ്ണീരിന്റെ നനവാണ്...

Published

|

Last Updated

മണ്ണാര്‍ക്കാട്: തിത്തിക്കുട്ടി ഉമ്മയുടെ നിസ്‌കാരപ്പായക്ക് എപ്പോഴും നനവാണ്. കണ്ണീരിന്റെ നനവ്… അഞ്ച് നേരവും നിസ്‌ക്കാരപ്പായയില്‍ ഉതിര്‍ന്നു വീഴുന്ന കണ്ണീരിനൊപ്പം ഈ മാതാവ് പ്രാര്‍ഥിക്കുന്നു… ഈ ദുനിയാവില്‍ മറ്റൊരു മാതാവിനും ഈ ഗതി വരുത്തരുതേയെന്ന്… തസ്ബീഹ് മാലയുടെ മുത്തുമണികള്‍ നിരക്കിനീക്കി ഈ ഉമ്മ എണ്ണം പിടിക്കുന്ന പ്രാര്‍ഥനാ മന്ത്രങ്ങള്‍ക്കും ഒരു ലക്ഷ്യമുണ്ട്. ഇനി ദുനിയാവിലാരും ഇങ്ങനെയൊരു മയ്യിത്ത് കാണരുതേയെന്ന്….
നൊന്തു പെറ്റ് വളര്‍ത്തി വലുതാക്കിയ രണ്ട് പൊന്നുമക്കളുടെ കൈയും കാലും വെട്ടിനുറുക്കി ചേതനയറ്റ ശരീരം ഒന്നു നോക്കാനെ അന്ന് ഈ ഉമ്മക്കായുള്ളൂ…
മക്കളുടെ വികൃതമായ ശരീരം കണ്ട് മനസ്സും ശരീരവും തളര്‍ന്ന 85 കാരി തിത്തിക്കുട്ടി ഉമ്മക്ക് ഇന്ന് പ്രാര്‍ഥനകളാണ് കരുത്ത്. കണ്ണീരു വറ്റാത്ത ഈ വൃദ്ധമാതാവിന്റെ കണ്ണില്‍ ഇപ്പോഴും തെളിഞ്ഞു കത്തുന്നുണ്ട് ആ ദാരുണരംഗം. മൂന്ന് വര്‍ഷത്തിനിപ്പുറവും കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസുവിന്റെയും നൂറുദ്ദീന്റെയും ഓര്‍മകള്‍ക്ക് കൂട്ടിരിക്കുമ്പോഴും തിരയടങ്ങാത്ത കടല്‍ പോലെ പ്രക്ഷുബ്ധമാണ് ഈ വൃദ്ധമനസ്സ്. 2013 നവംബര്‍ 20 ന് രാത്രി ഈ ഉമ്മക്ക് നഷ്ടമായത് രണ്ട് ആണ്‍മക്കളെ മാത്രമായിരുന്നില്ല, പള്ളത്ത് കുടുംബത്തിന്റെ നെടുംതൂണുകളായിരുന്നു. ഒപ്പം ഒരു ഗ്രാമത്തിന്റെ പ്രതീക്ഷകളും.
“നൂറൂന്റെ ചെറിയ കുട്ടിക്ക് അന്ന് ഒരു വയസ്സായിട്ടില്ല. ഇപ്പോ അവള്‍ക്ക് നാലായി. സ്‌കൂളില്‍ പോകാന്‍ കാത്തിരിക്ക്യാ… സ്‌കൂളില്‍ കൊണ്ടാകാന്‍ ഉപ്പച്ചി വര്വോന്ന് അവള് ചോദിക്കും… ഞാന്‍ എന്താ പറയാ…. പറഞ്ഞു തീരും മുമ്പെ ഉമ്മയുടെ വാക്കുകള്‍ കണ്ണീരില്‍ മുങ്ങി. ജീവിത സായാഹ്നത്തില്‍ തിത്തിക്കുട്ടി ഉമ്മയുടെ നെഞ്ചിലെ വേദനയാണ് ഫൈഹ മോളുടെ ചോദ്യം. പള്ളത്ത് വീടിന്റെ മുറ്റത്ത് സ്വപ്‌നങ്ങളുടെ കളിയൂഞ്ഞാല്‍ കെട്ടിയാടുന്ന പേരമക്കള്‍ ഈ വല്ല്യുമ്മയുടെ വേദനയാണിന്ന്.
ന്റെ കുട്ടികള്‍ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്തവരാ… പള്ളിയില്‍ ഹൗളിന്‍ കരയില്‍ വെച്ച് പിരിവ് നടത്തിയിരുന്നത്രേ.., പള്ളിയില്‍ പിരിവും രാഷ്ട്രീയവും വേണ്ടാന്ന് കുഞ്ഞുഹംസുവും നൂറുദ്ദീനും പറഞ്ഞതാണെത്രേ തെറ്റ്. അതിനാണവര്‍ ന്റെ മക്കളെ കൊന്നത്. ആരു വന്നാലും അവര് സഹായിക്കും. ഇവ്‌ടെ എല്ലാര്‍ക്കും വല്ല്യ ഇഷ്ടായിരുന്നു കുട്ട്യാളോട്….. ഒക്കെ പടച്ചോന്‍ കാണുന്നുണ്ടല്ലോ…. അവര് അനുഭവിക്കും. പ്രായം 85 പിന്നിട്ട ഈ മാതാവിന്റെ കണ്ണീര് കല്ലാംകുഴിയുടെ നൊമ്പരകാഴ്ചയാണിന്ന്. പ്രായം തളര്‍ത്തിയെങ്കിലും പള്ളത്ത് വീടിന്റെ ഉമ്മറത്ത് ഈ ഉമ്മ കാത്തിരിക്കുന്നത് കുടുംബത്തിന്റെ നീതീക്ക് വേണ്ടിയാണ്.

Latest