Connect with us

Gulf

രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നുവെന്ന് ഖത്വര്‍

Published

|

Last Updated

ദോഹ: ഖത്വറിലെ ലോകകപ്പിനു വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഓരോ തൊഴിലാളിയുടെയും ജീവനക്കാരന്റെയും സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി വ്യക്തമാക്കി.
തൊഴില്‍ സംഘടനകളുമായി പൂര്‍ണമായി സഹകരിച്ച് നിര്‍മാണാത്മകമായ തൊഴില്‍ ബന്ധം നിലനിര്‍ത്തുമെന്നും സുപ്രിം കമ്മിറ്റി വ്യക്തമാക്കി. തൊഴിലാളികളുടെ എല്ലാ നിലയിലുമുള്ള അവകാശങ്ങളും സംരക്ഷിക്കാന്‍ ആംനസ്റ്റി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിര്‍ദേശം സ്വീകരിക്കും. എന്നാല്‍ ഇയ്യിടെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തിറക്കിയ പ്രസ്താവന രാജ്യത്തെ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ലോകകപ്പ് പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്ന സുപ്രിം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നാല്‍പ്പതില്‍ നാലു കമ്പനികളെക്കുറിച്ചു മാത്രമാണ് ആംനസ്റ്റി അന്വേഷണം നടത്തിയത്. തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശേഷിക്കുന്ന ബഹുഭൂരിഭാഗം തൊഴില്‍ ദാതാക്കളെയും ബാധിക്കുന്നതല്ല. എവര്‍ സെന്ദായ്, സെവന്‍ ഹില്‍സ്, ബ്ലു ബേ, നഖീല്‍ ലാന്‍ഡ്‌സ്‌കേപ്പ് എന്നീ കമ്പനികളെക്കുറിച്ചാണ് ആംനസ്റ്റി അന്വേഷണം നടത്തിയത്. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെ 2015 തുടക്കത്തിലുള്ളതാണ്.
സുപ്രിം കമ്മിറ്റിയുടെ നിരന്തര ഇടപെടലിനെയും നിരീക്ഷണത്തെയും തുടര്‍ന്ന് ഭൂരിഭാഗം പ്രശ്‌നങ്ങളും കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തോടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
ആംനസറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മാസങ്ങള്‍ക്കു മുന്നേ പരിഹരിക്കപ്പെട്ട പ്രശ്‌നങ്ങളാണ് വീണ്ടും ഉന്നയിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന നാലില്‍ രണ്ടു കമ്പനികളും കര്‍ശനമായ തിരുത്തലുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം സെവന്‍ ഹില്‍സ്, ബ്ലു ബേ എന്നീ കമ്പനികള്‍ 2015 ജൂണ്‍ മുതല്‍ ലോകകപ്പ് പദ്ധതികളില്‍ ഏര്‍പ്പെടുന്നില്ല. രാജ്യം മുന്നോട്ടു വെക്കുന്ന നിലവാരം പാലിക്കപ്പെട്ടില്ലെങ്കില്‍ ഭാവി പദ്ധതികള്‍ക്കും ഈ കമ്പനികള്‍ യോഗ്യത ലഭിക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
ഈ ലോകകപ്പ് മാറ്റത്തിനുള്ള വലിയ പ്രേരകമായിരിക്കും. തൊഴിലാളികളുടെ അധ്വാനം ചൂഷണം ചെയ്തുകൊണ്ടായിരിക്കില്ല ലോകകപ്പിന്റെ സംഘാടനം. ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്വറിന് പ്രാപ്തിയില്ലെന്ന അഭിപ്രായങ്ങളെ തങ്ങള്‍ പൂര്‍ണമായി നിരാകരിക്കുന്നുവന്നും സുപ്രിം കമ്മിറ്റി വ്യക്തമാക്കിയെന്ന് ക്യു എന്‍ എ റിപ്പോര്‍ട്ടു ചെയ്തു.

---- facebook comment plugin here -----

Latest