Connect with us

Gulf

ലോകകപ്പ് സന്നാഹങ്ങളില്‍ അതിശയിച്ച് സിമോണ്‍ ക്ലെഗ്ഗ്‌

Published

|

Last Updated

സിമോണ്‍ ക്ലെഗ്ഗ്‌

ദോഹ: 2022ല്‍ ഖത്വറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് വന്‍ വിജയമായി തീരുമെന്നതില്‍ സംശയമില്ലെന്ന് 2012ലെ ലണ്ടന്‍ ഒളിംപിക്‌സിന്റെ മുഖ്യ സംഘാടകരിലൊരാളായ സിമോണ്‍ ക്ലെഗ്ഗ്. ഫിഫ ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്വറിനെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. ഇതുവരെ ഒരുക്കി സൗകര്യങ്ങള്‍ തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലണ്ടന്‍ ഒളിംപിക്‌സ് ബിഡ് ബോര്‍ഡ് അംഗവും ഡേവിഡ് ബെക്കാമിന് ഒപ്പം പ്രവര്‍ത്തിച്ച ആളുമാണ് ക്ലെഗ്ഗ്.
ഒളിംപിക്‌സ്, ഫിഫ ലോകകപ്പ് തുടങ്ങിയ വലിയ കായിക മാമാങ്കങ്ങള്‍ സംഘടിപ്പിക്കാന്‍ അഞ്ച് ഭൂഖണ്ഡങ്ങള്‍ക്കും അവസരം നല്‍കണം. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കായിക സംസ്‌കാരത്തിന്റെ വേരുകള്‍ എത്തേണ്ടതുണ്ട്. ഫിഫ ലോകകപ്പിന്റെ ദീര്‍ഘ ചരിത്രത്തില്‍ രണ്ടാമത് ഏഷ്യയിലേക്കും മിഡില്‍ ഈസ്റ്റിലേക്ക് ആദ്യമായും വിരുന്നുവരുന്നതില്‍ സന്തോഷമുണ്ട്. ആഗോള പരിപാടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവസരമാണിത്.
പ്രതിഭാധനരായ യുവസമൂഹത്തെ ഒരേ സ്ഥലത്ത് ഒന്നിപ്പിക്കുകയും സമാധാനാന്തരീക്ഷത്തില്‍ ക്ഷമത തെളിയിക്കുകയും ചെയ്യുകയാണ് ഒളിംപ്കിസിലൂടെ സംജാതമാകുന്നത്. രാഷ്ട്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയില്‍ സൗമനസ്യം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ. 2022ലേക്ക് കരുത്തുറ്റ ദേശീയ ടീമിനെ വാര്‍ത്തെടുക്കാന്‍ ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷനും കൂട്ടാളികളും യാഥാര്‍ഥ്യബോധത്തിലൂന്നിയ ലക്ഷ്യം മുന്നോട്ടുവെക്കണം. അതിന് ഏഴ് വര്‍ഷത്തോളം മുന്നിലുണ്ട്. ലോകകപ്പിന്റെ സംഘാടക സമിതിയായ എസ് സിയെയും അദ്ദേഹം അഭിനന്ദിച്ചു. അടിസ്ഥാനസൗകര്യമേര്‍പ്പെടുത്തല്‍ കഠിനമായ ജോലിയാണെന്നും ഖത്വര്‍ ലോകകപ്പ് സംഘാടകര്‍ ഇക്കാര്യത്തില്‍ നേരത്തെ ജോലി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Latest