Connect with us

Gulf

'ഒ എന്‍ വിക്ക് അബുദാബി മലയാളികളുടെ പ്രണാമം'

Published

|

Last Updated

അബുദാബി: മലയാള ഭാഷക്ക് ശ്രേഷ്ഠ പദവി നേടിക്കൊടുക്കുന്നതിനു അഹോരാത്രം പ്രയത്‌നിച്ച മഹാകവി ഒ എന്‍ വി മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുകയായിരുന്നുവെന്ന് പ്രൊഫ. വി മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു.
ഒ എന്‍ വിയുടെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയറ്റേഴ്‌സ്, യുവകലാ സാഹിതി എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഓണ്‍ലൈന്‍ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാകവി ഒ എന്‍ വി നമ്മെ വിട്ടുപോയത് മലയാള ഭാഷയേയും സാഹിത്യത്തേയും ഇരുട്ടിലാക്കിക്കൊണ്ടല്ല, പ്രകാശപൂരിതമാക്കിക്കൊണ്ടാണ്. അദ്ദേഹം സമ്മാനിച്ച കവിതകളിലും ഗാനങ്ങളിലും മലയാള ഭാഷക്ക് സമ്മാനിച്ച പ്രകാശത്തിന്റെ വെളിച്ചത്തിലായിരിക്കും ഇനി നാം മുന്നോട്ട് പോകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ വി മോഹനന്‍ അധ്യക്ഷത വഹിച്ചു. റശീദ് പാലക്കല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മധു പരവൂര്‍, കെ ടി ഹമീദ്, യുവകലാ സാഹിതി പ്രസിഡന്റ് എം സുനീര്‍, ബി യേശുശീലന്‍, കെ ബി മുരളി, നാസര്‍ വിളഭാഗം, സഫറുള്ള പാലപ്പെട്ടി, വക്കം ജയലാല്‍, അഭിലാഷ് പുതുക്കാട്, ജാഫര്‍ കുറ്റിപ്പുറം, എ കെ ബീരാന്‍ കുട്ടി, കെ കെ ശ്രീ പിലിക്കോട്, ബാബുരാജ് തിരുവാഴിക്കാട്, ജി ആര്‍ ഗോവിന്ദ്, ഒ ഷാജി, സിന്ധു ജി നമ്പൂതിരി, ചിത്ര എസ് നമ്പ്യാര്‍ പങ്കെടുത്തു.

Latest