Connect with us

Kozhikode

ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളിയില്‍: എം മുകുന്ദന്‍

Published

|

Last Updated

കോഴിക്കോട്: ആധുനിക കാലത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം വലിയ വെല്ലുവിളിയിലാണെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും അമിതമായ ഇടപെടലാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സാഹിത്യോത്സവത്തിലെ “ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധി” എന്ന ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുകുന്ദന്‍.
എഴുത്തുകാരന്റെ പ്രതികരണത്തിന് പോലും അസ്വാതന്ത്ര്യം കല്‍പ്പിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അറുപത് മുതല്‍ എണ്‍പത് വരെയുള്ള കാലങ്ങളില്‍ കലാ സൃഷ്ടികളെ അതിന്റെ യാഥാര്‍ഥ അര്‍ഥതലത്തില്‍ കണക്കാക്കുന്ന ഒരു സമൂഹമുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഭരണകൂടം പോലും കലാസൃഷ്ടികളെ മതത്തിന്റെയും ജാതിയുടെയും മുന്‍വിധികളോടെ കാണാന്‍ തുടങ്ങി. ഇത് എഴുത്തുകാരെ പോലും നല്ല സൃഷ്ടികള്‍ നിര്‍മിക്കുന്നതില്‍ നിന്നും പിന്നോട്ടടിപ്പിച്ചെവെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാല്യം പോലുള്ള സിനിമകള്‍ ഒരു കലാസൃഷ്ടിയായി കാണാനുള്ള സഹിഷ്ണുത അന്നത്തെ സമൂഹത്തിനുണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് ഇത്തരത്തിലുള്ള സിനിമകള്‍ പുറം ലോകം കാണാന്‍ അനുവദിക്കാത്ത ഒരു സമൂഹത്തെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും സംവിധാകന്‍ കമല്‍ പറഞ്ഞു. അധികാരം ഇന്ന് മതത്തിന്റെയും ജാതിയുടെയും ചൊല്‍പ്പടിയിലാണെന്നും വോട്ട് ബേങ്കിന് വേണ്ടി മതത്തെയും ജാതിയെയും ഉപയോഗിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് യോജിച്ചതല്ലെന്നും എഴുത്തുകാരി സാറാ ജോസഫ് ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ സി രവിചന്ദ്രന്‍ മോഡറേറ്ററായി.
“മതം, സംസ്‌കാരം, പ്രതിരോധം” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അബ്ദുല്‍ ഹക്കീം മോഡറേറ്ററായിരുന്നു. ചെറുകഥാ കൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണി, സിസ്റ്റര്‍ ജസ്മി, എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഹമീദ് ചേന്ദമംഗലൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest