Connect with us

National

പത്താന്‍കോട്ട് ഭീകരാക്രമണം: മലയാളി യുവാവ് കസ്റ്റഡിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പഠാന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ ഐ എ കസ്റ്റഡിയിലെടുത്തവരില്‍ മലയാളി യുവാവും. വയനാട് മാനന്തവാടി ബിലാക്കാട് സ്വദേശിയായ റിയാസാണ് കേന്ദ്ര ഇന്റലിജന്‍സ് (ഐ ബി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഉദ്യോഗസ്ഥരുടെ സംയുക്ത കസ്റ്റഡിയിലുള്ളത്. റിയാസിന്റെ ഫോണില്‍ നിന്ന് നിരവധി കോളുകള്‍ പാക്കിസ്ഥാനിലേക്ക് പോയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചത്. മാത്രമല്ല, ഇയാള്‍ വെളിപ്പെടുത്തിയ പേരില്‍ പിശകും തോന്നി. വിശദമായ അന്വേഷണത്തില്‍ മാനന്തവാടി ബിലാക്കാട് സ്വദേശി ദിനേശനാണ് കസ്റ്റഡിയിലുള്ള റിയാസെന്ന് വ്യക്തമായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഭീകരാക്രമണം നടന്ന ദിവസം പഠാന്‍കോട്ടിന് സമീപസ്ഥലമായ മുസാഫിറില്‍ നടന്ന പരിശോധനക്കിടെ ലോഡ്ജില്‍ നിന്നാണ് റിയാസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പരിശോധനക്കിടെ അഞ്ച് മാലദ്വീപ് സ്വദേശികള്‍ക്കൊപ്പമാണ് ഇയാള്‍ പിടിയിലായത്. റിയാസിനെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം പ്രാദേശിക വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.
അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസിന് കേന്ദ്ര ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറിയ ശേഷം റിയാസിനെ കുറിച്ച് അന്വേഷിക്കാന്‍ മാനന്തവാടി പോലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
സ്പിരിറ്റ് കടത്തുകയും ചാരായം വാറ്റുകയും ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം മുമ്പ് പിടിയിലായ ശേഷം ഇയാള്‍ നാടുവിടുകയായിരുന്നത്രെ. പിന്നീട് സഊദി അറേബ്യയിലേക്ക് കടന്ന ശേഷം മതം മാറി റിയാസായെന്നാണ് കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കണ്ടെത്തിയത്. നാടുവിട്ടുപോയ ഇയാള്‍ക്ക് വീട്ടുകാരുമായി ബന്ധമില്ലെന്ന് മാനന്തവാടി തേയില തോട്ടത്തിലെ ജീവനക്കാരനായ പിതാവ് പറഞ്ഞു.
അതിനിടെ, അല്‍ഖാഇദ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു യുവാവ് ഹരിയാനയില്‍ അറസ്റ്റിലായി. അബ്ദുല്‍ സമി എന്നയാളാണ് ഹരിയാനയിലെ മേവത്തില്‍ പോലീസ് പിടിയിലായത്. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഫെബ്രുവരി ഒന്ന് വരെ റിമാന്‍ഡ് ചെയ്തു. അബ്ദുല്‍ സമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടിട്ടില്ല. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കനത്ത ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest