Connect with us

Kozhikode

എസ് എസ് എഫ് സര്‍വകലാശാല മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അംഗീകാരം നേടിയെടുക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. കോഹിനൂരില്‍ നിന്നാരംഭിച്ച മാര്‍ച്ച് സര്‍വകലാശാല പ്രവേശന കവാടത്തില്‍ പോലീസ് തടഞ്ഞു.
അനധികൃത വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തുന്നു എന്ന പേരില്‍ യു ജി സി രണ്ട് മാസം മുമ്പ് റദ്ദാക്കിയ അംഗീകാരം വീണ്ടെടുക്കുന്നതിനാണ് എസ് എസ് എഫ് മാര്‍ച്ച് നടത്തിയത്. യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള 200 കൗണ്‍സിലിംഗ് സെന്ററുകള്‍ അടച്ച് പൂട്ടാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത വഞ്ചനയാണെന്ന് എസ് എസ് എഫ് കുറ്റപ്പെടുത്തി. റഗുലര്‍ കോളജുകളില്ലാത്ത കോഴ്‌സുകള്‍ വിദൂര വിദ്യാഭ്യാസം വഴി നടത്തില്ലെന്ന തീരുമാനം വിദ്യാര്‍ഥികളോടുള്ള അനീതിയാണ്. വിദൂര വിദ്യാഭ്യാസത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധികൃതര്‍ മുന്നോട്ട് വന്നില്ലെങ്കില്‍ തുടര്‍ സമര പരിപാടികളുമായി എസ് എസ് എഫ് മുന്നോട്ട് പോകും. സര്‍വകലാശാല പരീക്ഷ നടത്തിപ്പ്, സെമസ്റ്റര്‍ സമ്പ്രദായത്തിലെ അപാകതകള്‍, മാര്‍ക്ക് ലിസ്റ്റിലെ പ്രശ്‌നങ്ങള്‍, ഹോസ്റ്റലുമായി ബന്ധപ്പെട്ട വീഴ്ചകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് എസ് എഫ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് രജിസ്ട്രാര്‍ ഉറപ്പുനല്‍കി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി കെ ശക്കീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടി എം അബ്ദുര്‍റഹ്മാന്‍, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, സി കെ മുഹമ്മദ് ഫാറൂഖ് പ്രസംഗിച്ചു. എം ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തള സഖാഫി, പി കെ അബ്ദുസ്സമദ്, അബ്ദുന്നാസര്‍, റശീദ് മലപ്പുറം, ശരീഫ് സഖാഫി അരീക്കോട്, കൂഞ്ഞീതു കാടാമ്പുഴ, ശമീര്‍ കൊണ്ടോട്ടി, യൂസുഫ് പെരിമ്പലം മാര്‍ച്ചിന് നേതൃത്വം നല്‍കി.