Connect with us

National

ഐ ഐ ടി, എന്‍ ഐ ടികളില്‍ നിന്ന് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പഠന പിരിമുറുക്കവും മറ്റ് കാരണങ്ങളും കൊണ്ട് 4400 ലധികം വിദ്യാര്‍ഥികള്‍ രാജ്യത്തെ ഐ ഐ ടി, എന്‍ ഐ ടി കളില്‍ നിന്ന് പഠനമുപേക്ഷിച്ച് പോയതായി സര്‍ക്കാര്‍. പരിഹാര നടപടികള്‍ ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. 2012 – 2015 കാലയളവില്‍ രാജ്യത്തെ ഐ ഐ ടി കളില്‍ നിന്ന് 2060 വിദ്യാര്‍ഥികളും എന്‍ ഐ ടി കളില്‍ നിന്ന് 2352 വിദ്യാര്‍ഥികളും പഠനമുപേക്ഷിച്ച് പോയതായി മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ചോദ്യോത്തര വേളയില്‍ ലോക്‌സഭയെ അറിയിച്ചു.
മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറല്‍, ആരോഗ്യ പരമായ അല്ലെങ്കില്‍ സ്വകാര്യ കാരണങ്ങള്‍, പഠനത്തിനിടക്ക് ജോലി ലഭിക്കല്‍, പഠന സംബന്ധമായ മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദങ്ങള്‍ തുടങ്ങിയവ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നതായി സ്മൃതി ഇറാനിയുടെ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ പറയുന്നു. 2012-13 ല്‍ 606 വിദ്യാര്‍ഥികള്‍ ഐ ഐ ടി കളില്‍ നിന്ന് പഠനുപേക്ഷിച്ച് പോയിട്ടുണ്ട്. 2013-14 ല്‍ 697 ഉം 2014-2015 കാലയളവില്‍ ഇതുവരെ 757 വിദ്യാര്‍ഥികളും ഐ ഐ ടി പഠനമുപേക്ഷിച്ചു.
റൂര്‍ക്കീ ഐ ഐ ടിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയത്. 228 വിദ്യാര്‍ഥികളാണ് ഇവിടെ നിന്നും പഠനമുപേക്ഷിച്ചത്. ഖരഗ്പൂര്‍ ഐ ഐ ടി (209), 1ഡല്‍ഹി ഐ ഐ ടി (169) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അതേസമയം, മൈന്‍ടി, ജോദ്പൂര്‍, കാണ്‍പൂര്‍, മദ്രാസ്, റോപര്‍ ഐ ഐ ടികളില്‍ നിന്ന് ഒരാള്‍ പോലും പഠനമുപേക്ഷിച്ചിട്ടില്ല. രാജ്യത്തെ എന്‍ ഐ ടികളില്‍ നിന്ന് 717 വിദ്യാര്‍ഥികളാണ് 2014-15 വര്‍ഷത്തില്‍ പഠനമുപേക്ഷിച്ചത്. 2013-14 കാലയളവില്‍ 785 വിദ്യാര്‍ഥികളും 2012-13 കാലയളവില്‍ 850 വിദ്യാര്‍ഥികളും എന്‍ ഐ ടി കളില്‍ നിന്ന് പഠനമുപേക്ഷിച്ച് പോയിട്ടുണ്ട്
പഠന സംബന്ധമായി മാനസിക സമ്മര്‍ദം നേരിടുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി നിരവധി പദ്ധതികളുണ്ട്. മാനസികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി ഇത്തരം സ്ഥാപനങ്ങളില്‍ ഫാക്കല്‍റ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെന്ററുകളുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

---- facebook comment plugin here -----

Latest