Connect with us

Kerala

സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ 71.471 ശതമാനം വര്‍ധന

Published

|

Last Updated

തിരുവനന്തപുരം: നാല് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ 71.471 ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളവില്‍ പൊതുകടത്തില്‍ 56441.71 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2011ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 78673.24 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം. യു ഡി എഫ് സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ 135114.95 കോടിയിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ മാസം 31 വരെയുള്ള അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കാണിത്.
ഇതേ കാലയളവില്‍ 58 തവണകളായി 30,163 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് കടം എടുത്തിട്ടുണ്ട്. ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാറിന് കടമെടുക്കാനുള്ള പരിധിയിലെ പരമാവധിയും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, 2006-07 മുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ 57936.83 കോടി രൂപയാണ് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം. ഇക്കാലയളവില്‍ കേന്ദ്ര ധനസഹായമായി ലഭിച്ചത് 29765.91 കോടിയാണ്. യു പി എ സര്‍ക്കാറിന്റെ കാലത്ത് പ്രതിവര്‍ഷം ശരാശരി 2588.53 കോടിയും എന്‍ ഡി എയുടെ ഭരണകാലത്ത് ശരാശരി 7507.99 കോടിയുമാണ് കേന്ദ്ര സഹായമായി സംസ്ഥാനത്തിന് ലഭിച്ചത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് 2011-12 വര്‍ഷത്തില്‍ 3709.22 കോടിയായിരുന്നു. എന്നാല്‍, എന്‍ ഡി എയുടെ ഭരണത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7507.99 കോടിയാണ് ധനസഹായമായി ലഭിച്ചത്.
ഇക്കാലയളവില്‍ റവന്യൂ വരുമാനവും ഏറ്റവും കൂടുതല്‍ ലഭിച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. 57936.83 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വരുമാനം. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2011-12 വര്‍ഷം ഇത് 38010.36 കോടിയായിരുന്നു.

Latest