Connect with us

Ongoing News

സൗഹ്യദ കൂട്ടായ്മയൊരുക്കി നോമ്പ്തുറ സത്കാരങ്ങള്‍ സജീവം

Published

|

Last Updated

കല്‍പകഞ്ചേരി: റമസാന്‍ ആദ്യ പത്തിന്റെ പകുതി പിന്നിട്ടതോടെ സൗഹ്യദ കൂട്ടായ് മയൊരുക്കി നോമ്പ് തുറ സത്കാരങ്ങള്‍ സജീവമാകുന്നു.
കുടുംബാംഗങ്ങളുടെയും സുഹ്യത്തുക്കളുടെയും പരസ്പര ഒത്തുചേരലിനും സൗഹ്യദങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള അവസരം കൂടിയാണ് ഈ മാസത്തില്‍ നടക്കാറുള്ള ശ്രദ്ധേയമായ ചടങ്ങുകളിലൊന്നായ നോമ്പ് തുറ സത്കാരങ്ങള്‍. പുതിയാപ്പിളയുടെ നോമ്പ് തുറ എന്ന പേരില്‍ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന നോമ്പുതുറ സത്കാരകാരത്തിന്റെ തിരക്കിലാണ് വീട്ടുകാര്‍.
ഭാര്യ വീട്ടുകാര്‍ നടത്തുന്ന ഈ ചടങ്ങില്‍ വരനും കുടുംബങ്ങളും സുഹ്യത്തുക്കളും പങ്കെടുക്കുന്നതിന് പുറമെ ഭാര്യ വീട്ടുകാരുടെ ബന്ധുക്കളും അയല്‍ വാസികളും പങ്കെടുക്കുന്നു. വിവാഹ ശേഷം നടക്കുന്ന ആദ്യത്തെ നോമ്പുതുറക്കാണ് ഏറെ പ്രാധാന്യമുള്ളത്. ഈ ചടങ്ങിന് പിറകെയെന്നോണം ഭാര്യവീട്ടുകാരെ തിരിച്ചും നോമ്പുതുറക്ക് ക്ഷണിക്കാറുണ്ട്. ഇതുപോലെ റമസാനില്‍ മറ്റു കുടുംബാംഗങ്ങളും പരസ്പരം അതിഥി സത്കാരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ബദ്ര്‍ ദിനത്തോടനുബന്ധിച്ച് വീടുകളില്‍ സംഘടിപ്പിക്കപ്പെടാറുള്ള മൗലിദിനും പ്രാര്‍ഥനക്കും പണ്ഡിതന്മാരെയും സുഹ്യത്തുക്കളെയും ക്ഷണിച്ചുകൊണ്ട് നോമ്പുതുറ സംഘടിപ്പിക്കാറുള്ളത് രണ്ടാമത്തെ പത്തിലാണ്. അതേസമയം പണ്ഡിതന്മാരെയും നാട്ടുകാരെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ചില വീട്ടുകാര്‍ വര്‍ഷം തോറും നടത്തി വരാറുള്ള വിപുലമായ നോമ്പുതുറ റമസാനിലെ പതിവ് രീതിയാണ്.
റമസാനിന്റെ അവസാന ദിനങ്ങളില്‍ നടക്കുന്ന ഈ പരിപാടിയില്‍ വെച്ചായിരിക്കും ഖത്തം ദുആ മൗലിദും നടക്കാറുള്ളത്. ചിലയിടങ്ങളില്‍ മത-രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെയും മറ്റും നേത്യത്വത്തിലും സമൂഹ നോമ്പുതുറയും നടത്താറുണ്ട്.

Latest