Connect with us

Ongoing News

ഐ പി എല്‍: മറയാതെ കോഴ നിഴല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്ലിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ശോഭ കെടുത്തി വീണ്ടും കോഴ വിവാദം. രഞ്ജി ടീമിലെ സഹതാരം തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന് ഇന്നലെ ഒരു രാജസ്ഥാന്‍ റോയല്‍സ് ഐ പി എല്‍ താരം വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുംബൈയില്‍ നിന്നുള്ള രണ്ട് കളിക്കാരനാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് വിവരം.
കോഴവാഗ്ദാനെ ചെയ്ത വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ബി സി സി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ട്വിറ്ററില്‍ പോസ്റ്റിട്ടു. “ഒരു കളിക്കാരന് കോഴ വാഗ്ദാനമുണ്ടായി. അയാള്‍ ഉടന്‍ തന്നെ ബി സി സി ഐയുടെ കോഴവിദുദ്ധ യൂനിറ്റിന് വിവരം കൈമാറി. ബി സി സി ഐയുടെ കോഴവിരുദ്ധ പ്രചാരണം ഫലം കണ്ടതില്‍ സന്തോഷമുണ്ട്. കളിക്കാര്‍ ജാഗരൂകരാണ്. അവര്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്”- എന്നാണ് ഠാക്കുര്‍ ട്വീറ്റ് ചെയ്തത്.
കോഴ വിവരം സ്ഥിരീകരിക്കപ്പെട്ടെങ്കിലും ആരാണ് കോഴ വാഗ്ദാനം ചെയ്തതെന്ന് വെളിപ്പെടുത്താന്‍ അനുരാഗ് ഠാക്കൂര്‍ തയ്യാറായിട്ടില്ല. അജിങ്ക്യ രഹാനെ, ധവാല്‍ കുല്‍ക്കര്‍ണി, അഭിഷേക് നായര്‍, പ്രവീണ്‍ താമ്പെ, ദിനേഷ് സലുങ്കെ എന്നിവരാണ് രാജസ്ഥാന്‍ ടീമിലെ മുംബൈ താരങ്ങള്‍.
ഒരു മാസം മുമ്പ് സ്‌പോട്ട് ഫിക്‌സിംഗിനായി പണം വാഗ്ദാനം ചെയ്ത് രഞ്ജി ടീമിലെ മുംബൈക്കാനായ സഹതാരം തന്നെ സമീപിച്ചെന്നാണ് രാജസ്ഥാന്‍ താരത്തിന്റെ പരാതി. രഞ്ജി ട്രോഫി നടക്കുന്ന സീസണില്‍ ഡ്രസിംഗ് റൂമില്‍ വെച്ചാണ് സഹതാരം ഇക്കാര്യം പറഞ്ഞ് തന്നെ സമീപിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ബി സി സി ഐ അഴിമതിവിരുദ്ധ വിഭാഗം ആരോപണവിധേയനായ താരത്തെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കോഴ വാഗ്ദാനം ചെയ്ത കളിക്കാരന്‍ നിലവില്‍ ഐ പി എല്‍ ടീമുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍ താരത്തെ കോഴവാഗ്ദാനവുമായി മറ്റൊരു കളിക്കാരന്‍ സമീപിച്ചെന്ന കാര്യം രാജസ്ഥാന്‍ റോയല്‍സിന്റെ സി ഇ ഓ രഘു അയ്യറും സ്ഥിരീകിച്ചു.
2013 മുതല്‍ ഐ പി എല്‍ മാച്ച് ഫിക്‌സിംഗ് ആരോപണങ്ങളുടെ മുഖ്യ കേന്ദ്രമായി രാജസ്ഥാന്‍ റോയല്‍സ് മാറിയിട്ടുണ്ട്. ഐ പി എല്‍ കോഴ വിവാദത്തില്‍ ഏറ്റവും കൂടുതല്‍ കളങ്കമേറ്റ ടീമുകളില്‍ ഒന്നാണ് രാജസ്ഥാന്‍ റോയല്‍സ്. 2013ലെ കോഴക്കേസില്‍ മലയാളി താരം ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നീ അന്നത്തെ രാജസ്ഥാന്‍ താരങ്ങള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. കൂടാതെ, മുന്‍ ബി സി സി ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര എന്നിവരും കേസില്‍ ഉള്‍പ്പെട്ടിരുന്നു.
മുന്‍കൂട്ടി തീരുമാനിക്കുന്ന രീതിയില്‍ ഒരു പന്തില്‍ റണ്‍ വിട്ടുകൊടുക്കുകയോ റണ്‍സെടുക്കുകയോ വിക്കറ്റ് കളയുകയോ നോബോളോ വൈഡോ എറിയുകയോ ചെയ്യുന്ന രീതിയാണ് സ്‌പോട്ട് ഫിക്‌സിംഗ്. ഇത്തരത്തില്‍ വാതുവെക്കുന്ന ഓരോ പന്തിലും കോടിക്കണക്കിന് ഡോളറാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.

Latest