Connect with us

National

എല്ലാത്തിനും കാരണം പെണ്‍കുട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ നടന്ന കൂട്ടബലാത്സംഗത്തിന് ഉത്തരവാദി പെണ്‍കുട്ടിയാണെന്ന് കേസിലെ പ്രതി. പീഡിപ്പിച്ച സംഘത്തിന് ആകര്‍ഷണം തോന്നാന്‍ തക്ക വിധം രാത്രി പുറത്തിറങ്ങിയ പെണ്‍കുട്ടിയെയാണ് ഇത്തരമൊരു സംഭവത്തിന് കുറ്റപ്പെടുത്തേണ്ടതെന്നും പ്രതി മുകേഷ് സിംഗ്. ജയിലില്‍ വെച്ച് ബി ബി സി നടത്തിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. അടുത്ത എട്ടാം തീയതി അഭിമുഖം സംപ്രേഷണം ചെയ്യും.
ബലാത്സംഗത്തില്‍ ആണ്‍കുട്ടിയേക്കാള്‍ ഉത്തരവാദിത്വം പെണ്‍കുട്ടിക്കാണ്. പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തം തിരിച്ച് ആക്രമിച്ചില്ലായിരുന്നെങ്കില്‍ ഇത്തരമൊരു മൃഗീയമായ അന്ത്യം ഉണ്ടാകുമായിരുന്നില്ല. ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തെ വെറും യാദൃച്ഛികം എന്നാണ് മുകേഷ് വിശേഷിപ്പിക്കുന്നത്.
ബലാത്സംഗം ചെയ്യുമ്പോള്‍ അവള്‍ പ്രതിരോധിക്കരുതായിരുന്നു. നിശ്ശബ്ദയായിരുന്ന് ബലാത്സംഗത്തെ അനുവദിച്ചാല്‍ മതിയായിരുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഒരു കൈ കൊണ്ട് കൈയടിക്കാന്‍ പറ്റില്ല. അതിന് രണ്ട് കൈകളും ഉപയോഗിക്കണം. അന്തസ്സുള്ള പെണ്‍കുട്ടി രാത്രി ഒമ്പത് മണിക്ക് പുറത്തിറങ്ങി ചുറ്റിക്കറങ്ങുകയില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരല്ല. വീട്ടുജോലിയും ഗൃഹഭരണവുമാണ് അവരുടെ ജോലി. അല്ലാതെ രാത്രി ബാറിലും മറ്റിടങ്ങളിലും തെറ്റായ ചെയ്തികളും വേഷവുമായി ചുറ്റിക്കറങ്ങലല്ല. 20 ശതമാനം പെണ്‍കുട്ടികളേ നല്ലവരുള്ളൂ. ബലാത്സംഗത്തിന് വധശിക്ഷ പെണ്‍കുട്ടികളെ കൂടുതല്‍ അപകടപ്പെടുത്തുകയേ ഉള്ളൂ. മുമ്പ്, പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് സംഘം പറയും “അവളെ വിട്ടേക്കൂ, അവള്‍ ആരോടു പറയില്ല.” ഇന്ന് ബലാത്സംഗം ചെയ്ത് കൊല്ലുകയാണ്. മുകേഷ് സിംഗ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ബസ് ഓടിച്ചിരുന്നത് മുകേഷ് സിംഗായിരുന്നു. ആക്രമണത്തില്‍ പങ്കാളിയല്ലെന്ന വാദം കോടതി തള്ളുകയായിരുന്നു. ഇയാള്‍ക്കെതിരെ ശക്തമായ ഡി എന്‍ എ തെളിവുണ്ടായിരുന്നു. സിംഗ് അടക്കമുള്ള നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. സംഭവം നടക്കുമ്പോല്‍ പ്രായപൂര്‍ത്തി ആകാത്ത പ്രതിക്ക് മൂന്ന് വര്‍ഷത്തെ തടവ് വിധിച്ചു. ഒരാള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ “ഇന്ത്യുടെ പെണ്‍മക്കള്‍” എന്ന പേരില്‍ ബി ബി സി അഭിമുഖം സംപ്രേഷണം ചെയ്യും.

Latest