Connect with us

Gulf

മാന്‍ വേട്ട: മൂന്നു സ്വദേശികള്‍ അറസ്റ്റില്‍

Published

|

Last Updated

അബുദാബി: വേട്ടനായ്ക്കളെ ഉപയോഗപ്പെടുത്തി മാനുകളെ വേട്ടയാടിയ മൂന്നു സ്വദേശികളെ അറസ്റ്റ് ചെയ്തു. വംശനാശ ഭീഷണി നേരിടുന്നതും അറേബ്യന്‍ മരുഭൂമിയില്‍ കാണപ്പെടുന്നതുമായ പ്രത്യേക തരം മാനുകളാണ് വേട്ടയാടപ്പെട്ടത്. തദ്ദേശീയമായ സലൂക്കി ഇനത്തില്‍പെട്ട വേട്ടനായ്ക്കളെയാണ് വന്യമൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച പ്രദേശത്തു നിന്നു മാനുകളെ വേട്ടയാടാന്‍ ഉപയോഗിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ഫെഡറല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പ്രസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വന്യമൃഗസംരക്ഷണ കേന്ദ്രത്തിനകത്ത് വാഹനം ഓടിയതിന്റെ അടയാളങ്ങള്‍ സൂപ്പര്‍വൈസറുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് വേട്ടക്കാരുടെ സാന്നിധ്യം ബോധ്യപ്പെട്ടതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി. വേട്ടക്കാരും നായയും അധികൃതരുടെ കസ്റ്റഡിയിലായത് ഇതേ തുടര്‍ന്നായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞത് അറസ്റ്റ് എളുപ്പമാക്കി. വേട്ടനായക്കുള്ള പരിശീലനത്തിന്റെ ഭാഗമായി ഒരു മാനിനെ കൊന്നതായി പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം വീണ്ടും വേട്ടനായയെ പരിശീലിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഘം പിടിയിലായത്. സംഭവത്തിന്റെ വെളിച്ചത്തില്‍ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ അതിക്രമിച്ച് കടക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുന്നറിയിപ്പ് നല്‍കി.

Latest