Connect with us

Kerala

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചൊവൊഴുകുന്നു

Published

|

Last Updated

പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് ഒഴുകുന്നത് പ്രതിമാസം 50 ടണ്‍ കഞ്ചാവ്. ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നതെന്ന് എക്‌സൈസ് ഇന്റലിജന്‍സ് വകുപ്പ് പറയുന്നു.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തുന്നതിന് മലയാളികളടങ്ങുന്ന സംഘമാണ് നേതൃത്വം നല്‍കുന്നത്. കേരളത്തിലേക്ക് കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എത്തുന്നതാണ് കഞ്ചാവ് മാഫിയയെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഏകദേശം 29 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെ വിവിധഭാഗങ്ങളിലായി പണിയെടുക്കുന്നതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ രേഖകളില്ലാതെ സംസ്ഥാനത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും ചെറുതല്ല.
ഒഡീഷയിലാണ് പ്രധാനമായും കഞ്ചാവ് കൃഷിയുടെ കേന്ദ്രം. റായ്ഗഢ്, ഗജപതി, ബെര്‍ഹാംപുര്‍, മോഹന, കരിംനഗര്‍, വാറങ്കല്‍, ഖമ്മം, വിശാഖപട്ടണം, കടപ്പ, തമിഴ്‌നാട് കമ്പം, തേനി ജില്ലകളിലാണ് അധികൃതരുടെ ഒത്താശയോടുകൂടി കഞ്ചാവ് കൃഷി ചെയ്യുന്നത്. തുടര്‍ന്ന് കാറ്, ലോറി, ട്രെയിന്‍ എന്നിവ വഴി കേരളത്തിലേക്ക് എത്തിക്കുകയാണ് പതിവ്. ഇതിന് പുറമെ സംസ്ഥാനത്ത് അട്ടപ്പാടി, വളയാര്‍, മലമ്പുഴ വന പ്രദേശങ്ങളിലും കഞ്ചാവ് സമൃദ്ധമായി കൃഷി ചെയ്യുന്നുണ്ട്. അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈയേറിയാണ് കഞ്ചാവ് കൃഷി ചെയ്യുന്നത്. തുച്ഛമായ വേതനത്തിന് ആദിവാസികളെ തന്നെയാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നതും.
സംസ്ഥാനത്ത് കഞ്ചാവ് കടത്തുന്നതിന് പുറമെ അന്യ സംസ്ഥാന തൊഴിലാളികള്‍ കഞ്ചാവ് കൃഷിയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് പാലക്കാട് നഗരത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്യുന്നത് എക്‌സൈസ് കണ്ടെത്തിയിരുന്നു. 10 അടി ഉയരത്തില്‍ അഞ്ച് മാസം പ്രായമെത്തിയ മൂന്ന് കഞ്ചാവ് ചെടികളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്.
ഒറീസ, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവിന്റെ വിത്ത് താമസസ്ഥലങ്ങളില്‍ എത്തിച്ച് നട്ടുവളര്‍ത്തുകയാണ്. വെള്ളവും വളവും നല്‍കിയാണ് കൃഷി. ഒരു കിലോ കഞ്ചാവിന് വിപണിയില്‍ 20,000 രൂപയാണ് വില. മൂന്ന് ചെടികളില്‍ നിന്നായി 10 കിലോ കഞ്ചാവ് ലഭിക്കുമെന്ന് എക്‌സൈസ് വകുപ്പ് പറയുന്നു.
കുട്ടികളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘവും സംസ്ഥാനത്ത് വ്യാപകമാണ്. സ്‌കൂള്‍ കോളജ് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കള്‍ വില്‍പ്പന. കഞ്ചാവ് ഉപയോഗം ബുദ്ധി വികസിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്‍പ്പന നടത്തുന്നത്. വിദ്യാര്‍ഥികളെ ലഹരിയില്‍ നിന്ന് വിമുക്തമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികളാവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

Latest