Kerala
പി ജയരാജന് വീണ്ടും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കണ്ണൂര്‍: പി ജയരാജന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. കൂത്തുപറമ്പില്‍ നടന്ന ജില്ലാ സമ്മേളനം ഐകകണ്ഠ്യേനയാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയിലെ അംഗസംഖ്യ 45ല്‍ നിന്നും 47 ആക്കി ഉയര്‍ത്തി. കമ്മിറ്റിയില്‍ നിന്ന് ഒമ്പത് പേരെ ഒഴിവാക്കി. 11 പേരെ പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. നിലവിലുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളായ ജയിംസ് മാത്യു, ടി വി രാജേഷ് എന്നിവരേയും പുഞ്ചയില്‍ നാണു, പി വി കൃഷ്ണന്, ഇ പി കരുണാകരന്, എം ജയലക്ഷ്മി, കെ ബാലകൃഷ്ണന്, പി രാമചന്ദ്രന്, പി ബാലന് എന്നിവരെയുമാണ് ഒഴിവാക്കിയത്. നേരത്തെ ആരോപണത്തെ തുടര്‍ന്ന് പി ശശിയെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ ജയരാജനെ താത്കാലിക സെക്രട്ടറിയായി ജില്ലാ കമ്മിറ്റി നിയമിക്കുകയായിരുന്നു. പിന്നീട് പയ്യന്നൂരില്‍ നടന്ന ജില്ലാ സമ്മേളനം അദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇത്തവണത്തെ സമ്മേളനത്തിലും ജയരാജന് ഐകകണ്ഠ്യേന സെക്രട്ടറി പദത്തിലെത്തുകയായിരുന്നു.