Connect with us

National

ബി ജെ പിയിലേക്കെന്ന് വ്യക്തമാക്കി ജയപ്രദ

Published

|

Last Updated

ന്യൂഡല്‍ഹി: അഭിനയരംഗത്ത് നിന്ന് രാഷ്ട്രീയത്തിലെത്തിയ നടി ജയപ്രദ ബി ജെ പിയിലേക്ക്. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഇവര്‍, ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും “ജന സേവനം” മാത്രം ലക്ഷ്യമാക്കിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു.
ബി ജെ പിയില്‍ ചേര്‍ന്നാല്‍, ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ കുറിച്ച് ആരാഞ്ഞപ്പോഴാണ്, ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജയപ്രദ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നകാര്യം പറഞ്ഞിട്ടില്ല. ബി ജെ പിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. മാധ്യമങ്ങളാണ് മറ്റെല്ലാം എഴുതി പിടിപ്പിച്ചത്. തന്റെ രാഷ്ട്രീയ ഗുരുവായ എസ് പി മുന്‍ നേതാവ് അമര്‍ സിംഗ് ആണ് ബി ജെ പിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുന്നതെന്നും അവര്‍ അറിയിച്ചു. എന്‍ ടി രാമറാവു, ചന്ദ്രബാബു നായിഡു, മുലായം സിംഗ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് പിയിലായിരിക്കെ മുലായം സിംഗിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ തനിക്ക് തിക്താനുഭവമാണ് ഉണ്ടായത്. പെണ്‍കുട്ടികളെ ഇംഗ്ലീഷും കമ്പ്യൂട്ടറും പഠിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അത് പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ലെന്നാണ് മുലായം പറഞ്ഞത്. മോദിയുടെ നേതൃത്വത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. 1990ല്‍ ടി ഡി പിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

Latest