Connect with us

International

വര്‍ണവിവേചന കൊലയാളി സംഘം നേതാവിന് പരോള്‍

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന കൊലയാളി സംഘത്തിന്റെ നേതാവ് “പ്രധാന പിശാച്” എന്നറിയപ്പെടുന്ന യൂജിന്‍ ഡി കോക്കിന് 20 വര്‍ഷത്തെ തടവിന് ശേഷം പരോള്‍ അനുവദിച്ചു.
1980കളിലും 1990 കളില്‍ ആദ്യവും കറുത്ത വര്‍ഗക്കാരായ ദക്ഷിണാഫ്രിക്കന്‍ ആക്ടിവിസ്റ്റുകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതില്‍ പ്രധാനിയാണ് കോക്ക്. രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെയും അനുരഞ്ജനത്തിന്റെയും താത്പര്യങ്ങള്‍ കണക്കിലെടുത്ത് കോക്കിന് പരോള്‍ നല്‍കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് തെറ്റുതിരുത്തല്‍ സേവന വിഭാഗം മന്ത്രി മൈക്കല്‍ മാസുത മാധ്യമങ്ങളോട് പറഞ്ഞു.
കോക്കിനെ മോചിപ്പിക്കുന്ന ദിവസവും സ്ഥലവും രഹസ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ണവിവേചനവിരുദ്ധ പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചിരുന്ന കുപ്രസിദ്ധമായ വഌക്ക്പഌസ് പോലീസ് മരണ സ്‌ക്വാഡിന്റെ തലവനായിരുന്ന കോക്കിന് കുറ്റക്യത്യങ്ങളുടെ പേരില്‍ രണ്ട് ജീവപര്യന്തം കൂടാതെ 212 വര്‍ഷം തടവും ശിക്ഷ ലഭിച്ചിരുന്നു.
നൂറിലധികം കൊലപാതകങ്ങളും പീഡനങ്ങളും വഞ്ചനകളും താന്‍ നടത്തിയതായി 1995ല്‍ രൂപവത്കരിച്ച ട്രൂത്ത് ആന്‍ഡ് റികോണ്‍സിലേഷന്‍ കമ്മീഷനുമുമ്പാകെ കോക്ക് സമ്മതിച്ചിരുന്നു.
ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും പൊതുമാപ്പ് ലഭിച്ച കോക്ക് ആറ് കൊലപാതക കുറ്റങ്ങളുടെ പേരിലാണ് ജയിലിലായത്. അതേസമയം, 1993 ലെ വര്‍ണ വിവേചന കൊലയുടെ സൂത്രധാരനായിരുന്ന ക്ലൈവ് ഡെര്‍ബി ലിവിസിന് മെഡിക്കല്‍ പരോള്‍ നിഷേധിച്ചിട്ടുണ്ട്.

Latest