Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ്: വനം വകുപ്പ് ഭൂമി ഏറ്റെടുക്കണമെന്ന നിര്‍ദേശം വെളിച്ചം കണ്ടില്ല

Published

|

Last Updated

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജിനായി അമ്പുകുത്തിയില്‍ വനം വകുപ്പ് ഭൂമി അനുയോജ്യമാണെന്നും ഇത് ഏറ്റെടുക്കണമെന്നുമുള്ള നിര്‍ദേശം ഇനിയും വെളിച്ചം കണ്ടില്ല. നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴിലെ ബേഗൂര് റെയ്ഞ്ചിന് കീഴില്‍ അമ്പുകുത്തിയിലാണ് വനം വകുപ്പിന് 43 ഏക്കര്‍ സ്ഥലമുള്ളത്. ഇത് വെസ്റ്റേസ് ഫോറസ്റ്റില്‍ ഉള്‍പ്പെട്ടതാണ്. മരങ്ങളോ മറ്റോ ഒന്നും തന്നെ ഈ ഭൂമിയില്‍ ഇല്ല. ഇപ്പോള്‍ വനം വകുപ്പ് ഔഷധതോട്ടമെന്ന പേരിലാണ് ഇത് നിലനിര്‍ത്തുന്നത്. മുമ്പ് ഇവിടെ തേന്‍ സംസ്‌കരിച്ച് ബോട്ടിലിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പിന്നീട് അതും നിലച്ചു.വെറുതെ കിടക്കുന്ന ഭൂമി വയനാട് മെഡിക്കല്‍ കോളജിനായി ഏറ്റെടുക്കാവുന്നതാണെന്ന പദ്ധതി റിപ്പോര്‍ട്ട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍ അഷ്‌റഫ് ജില്ലാ വികസന സമിതിയില്‍ സമര്‍പ്പിക്കുകയും ഡി സി സിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാറിലേക്ക് അയച്ചെങ്കിലും പിന്നീട് ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. വനം വകുപ്പ് ഭൂമി ഏറ്റെടുക്കുമ്പോള്‍ പകരം ഇരട്ടി ഭൂമി വനം വകുപ്പിന് കൈമാറണം. ഇതിനായി സര്‍വേ നമ്പര്‍ 326/ഒന്ന് എയില്‍ വെള്ളമുണ്ട, മംഗലശേരിയില്‍ റവന്യു വകുപ്പിന് കീഴിലുള്ള 300 ഏക്കര്‍ വനത്തോട് ചേര്‍ന്ന ഭൂമി കൈമാറാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിന് ഏറെ അനുയോജ്യമായ സ്ഥലമായിരുന്നു അമ്പുകുത്തിയിലേത്. നഗരത്തില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇവിടെക്ക് .സ്ഥലത്തിന്റെ ഇരുവശത്തായി ഗതാഗത സൗകര്യമുള്ള റോഡുകളുണ്ട്. കൂടാതെ വൈദ്യുതി, വെള്ളം തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളുണ്ടായിട്ടും ഈ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവം കാട്ടുകയായിരുന്നു. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായിരുന്നുവെങ്കില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബൈരന്‍കുപ്പ, ബാവലി,കുട്ട, അയല്‍ജില്ലയായ കണ്ണൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കെല്ലാം കോളജ് ഉപകാര പ്രദമാകുമായിരുന്നു.

Latest