Connect with us

Kozhikode

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഫോട്ടോയെടുപ്പ് ദുരിതമായി

Published

|

Last Updated

കുറ്റിയാടി: റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫോട്ടോയെടുക്കല്‍ കുടുംബിനികള്‍ക്ക് ദുരിതമായി. കുറ്റിയാടി സാംസ്‌കാരിക നിലയത്തിലാണ് ക്യാമ്പ് നിശ്ചയിച്ചതെങ്കിലും അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ കൈക്കുഞ്ഞുങ്ങളുമായി എത്തിയ വീട്ടമ്മമാരും രോഗികളും വൃദ്ധരും പൊരിവെയിലത്ത് ഏറെനേരം ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടി. ആറ് ക്യാമറുകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും അപേക്ഷകള്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് മൂലം മൂന്ന് മണിക്കൂറിലധികം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു.
നേരത്തെ നല്‍കിയ അറിയിപ്പിന് വിപരീതമായമായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒര്‍ജിനല്‍ ഉദ്യോഗസ്ഥരെ കാണിക്കണമെന്ന നിര്‍ദേശവും നടപ്പാക്കി. ഒരേ താലൂക്കില്‍പെട്ടതാണെങ്കില്‍ പുതിയ കാര്‍ഡില്‍ ചേര്‍ക്കാന്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്ന് നിര്‍ദേശമുണ്ടായിരുന്നിട്ടും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
മരണപ്പെട്ടവരുടെ പേരിന് നേരെ മരിച്ചു എന്ന് രേഖപ്പെടുത്തി നല്‍കിയിട്ടും മരണ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ സമര്‍പ്പിക്കണമെന്നും ചിലരോട് ആവശ്യപ്പെട്ടു. ആയിരത്തോളം കാര്‍ഡുടമകളാണ് ഇന്നലെ സാംസ്‌കാരിക നിലയത്തിലെത്തിയത്.

Latest