Connect with us

Kerala

തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി പ്രവര്‍ത്തനം കൂപ്പുകുത്തി

Published

|

Last Updated

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടര മാസം മാത്രം ശേഷിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് ലക്ഷ്യമിട്ടതിന്റെ മൂന്നിലൊന്ന് മാത്രം. ഡിസംബറോടെ പദ്ധതിച്ചെലവ് 70 ശതമാനമെങ്കിലും എത്തിക്കണമെന്ന് ടാര്‍ജറ്റ് നിശ്ചയിച്ചിരുന്നെങ്കിലും ചെലവിട്ടത് വെറും 27.3 ശതമാനം മാത്രം. ഡിസംബര്‍ 31വരെയുള്ള പദ്ധതി പ്രവര്‍ത്തനം വിലയിരുത്തി ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. എന്നാല്‍, സംഖ്യ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്നതില്‍ ചില അപാകതകളുണ്ടെങ്കിലും പദ്ധതി ചെലവ് കുറഞ്ഞതായി രേഖപ്പെടുത്തിയത് ഇത് കൊണ്ടാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പത്ത് ശതമാനവും രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും മുപ്പത് ശതമാനം വീതവും മൂന്നാം പാദത്തില്‍ ആദ്യ രണ്ട് മാസം 20 ശതമാനവും പിന്നെ ഒരു മാസം പത്ത് ശതമാനവും ചെലവഴിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 4,700 കോടി രൂപയാണ് മൊത്തം പദ്ധതി വിഹിതം.

ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കണക്കനുസരിച്ച് ഗ്രാമപ്പഞ്ചായത്തുകളിലെ പദ്ധതിച്ചെലവ് 29.61 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 26.59 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ 26.77 ശതമാനവും മുനിസിപ്പാലിറ്റികള്‍ 26.14 ശതമാനവുമാണ്. കോര്‍പറേഷനുകളിലാകട്ടെ വെറും 16.3 ശതമാനവും. പദ്ധതി വിനിയോഗത്തിലെ പാകപ്പിഴകള്‍ സംബന്ധിച്ചും പദ്ധതിച്ചെലവിനെക്കുറിച്ചും ആസൂത്രണ ബോര്‍ഡ് കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. സാമ്പത്തികവര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ പദ്ധതിത്തുക വിനിയോഗിക്കുന്നതിന്റെ പ്രായോഗികതയും ഫലപ്രാപ്തിയും ഗൗരവമായി കാണണമെന്ന് ആസൂത്രണ ബോര്‍ഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഓരോ വര്‍ഷവും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ വരുംവര്‍ഷങ്ങളിലേക്ക് നീക്കിവെക്കുന്ന പതിവ് ആവര്‍ത്തിക്കപ്പെടുകയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് പ്രാദേശികതലത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും സാമ്പത്തിക വിനിയോഗത്തെ ബാധിക്കുകയും ചെയ്യുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. 2014 മാര്‍ച്ചില്‍ പദ്ധതി തയ്യാറാക്കിയ ശേഷം ഡി പി സി അംഗീകാരം നേടണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മിക്ക തദ്ദേശസ്ഥാപനങ്ങളും സെപ്തംബറില്‍ പദ്ധതിക്ക് അംഗീകാരം നേടിയെങ്കിലും പ്രവര്‍ത്തനപുരോഗതിയുടെ കണക്കുകള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. അതിനാല്‍, പദ്ധതി വിനിയോഗം പരമാവധി വര്‍ധിപ്പിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും ഗുണമേന്‍മയും ഉറപ്പാക്കണം. സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി, 13 ബ്ലോക്ക് പഞ്ചായത്തുകള്‍, 28 ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ അവസാന വാരം വരെ പദ്ധതിച്ചെലവ് 50 ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്. പുതുപ്പരിയാരം പഞ്ചായത്ത് 84 ശതമാനം തുക ചെലവഴിച്ചപ്പോള്‍ മറ്റു ചില പഞ്ചായത്തുകളുടെ പദ്ധതിച്ചെലവ് 70 ശതമാനത്തിന് മുകളിലാണ്. കോട്ടയം ജില്ലയാണ് പദ്ധതിത്തുക ഏറ്റവും കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത്. 29.82 ശതമാനം തുകയാണ് ജില്ലയിലെ ഗ്രാമ, ജില്ലാ, ബ്ലോക്ക്, മുനിസിപ്പാലിറ്റികള്‍ ചേര്‍ന്ന് ചെലവഴിച്ചത്. 29.75. ശതമാനം തുക ചെലവഴിച്ച കാസര്‍കോട് ജില്ലയാണ് തൊട്ടടുത്ത്. പത്തനംതിട്ട ജില്ലാണ് പദ്ധതി ചെലവഴിക്കുന്നതില്‍ ഏറ്റവും പിന്നില്‍- 19.59 ശതമാനം. ബജറ്റില്‍ 177.68 കോടി രൂപ ജില്ലയിലെ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചതില്‍ 34.81 കോടി രൂപ മാത്രമേ ഇക്കാലയളവില്‍ ചെലവഴിക്കാന്‍ കഴിഞ്ഞുള്ളൂ. തിരുവനന്തപുരം- 29.34, കൊല്ലം- 26.73, ആലപ്പുഴ- 25.14, ഇടുക്കി- 28.53, എറണാകുളം- 30.38, തൃശൂര്‍- 25.35, പാലക്കാട്- 25.24, മലപ്പുറം- 29.32, കോഴിക്കോട്- 24.66, വയനാട്- 29.35, കണ്ണൂര്‍- 27.80 ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പദ്ധതിത്തുക ചെലവഴിച്ചതിന്റെ കണക്ക്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.83 ശതമാനം മാത്രമായിരുന്നു പദ്ധതിച്ചെലവ്. എന്നാല്‍, രണ്ടാം പാദമെത്തിയപ്പോള്‍ ഇത് 15.18 ശതമാനമായി.
പദ്ധതി വിനിയോഗം മേഖലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളാണ് മുന്നില്‍. 35 ശതമാനത്തിലേറെ തുക ഈ മേഖലയില്‍ ചെലവഴിച്ചു. പശ്ചാത്തല മേഖലയില്‍ 29 ശതമാനവും ഉത്പാദനമേഖലയില്‍ 18.8 ശതമാനവും തുക വിനിയോഗിച്ചു. സേവനമേഖലയില്‍ മുന്നില്‍ നില്‍ക്കുന്നത് ബ്ലോക്ക് പഞ്ചായത്തുകളാണെങ്കില്‍ (50 ശതമാനം) തൊട്ടുപിന്നില്‍ നില്‍ക്കുന്നത് ഗ്രാമപ്പഞ്ചായത്തുകളാണ് (38 ശതമാനം). ബ്ലോക്ക് പഞ്ചായത്തുകള്‍ 34 ശതമാനം തുക ചെലവിട്ടപ്പോള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ 31.7 ശതമാനവുമായി രണ്ടാമതാണ്. ഉത്പാദനമേഖലയില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ 20.8 ശതമാനവും മുനിസിപ്പാലിറ്റികള്‍ 18.2 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ 17.8 ശതമാനവും തുക ചെലവഴിച്ചു. മന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തില്‍ പദ്ധതിത്തുക ചെലവഴിക്കുന്നതിലെ പോരായ്മകളെക്കുറിച്ച് രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്.

Latest