Connect with us

Malappuram

വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടി നല്‍കിയില്ല: കൃഷി ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Published

|

Last Updated

കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചാത്തിലെ 16 -ാം വാര്‍ഡ് മഞ്ഞപ്പെട്ടി പുത്തന്‍കുള നിര്‍മാണത്തിന്റെ വിവരങ്ങള്‍ നല്‍കാന്‍ വൈകിയതിന് വണ്ടൂര്‍ കൃഷി ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന ഓടത്തോട് പദ്ധതിയിലെ പുത്തന്‍കുളം നിര്‍മാണത്തിലെ എസ്റ്റിമേറ്റ് അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് മഞ്ഞപ്പെട്ടി സ്വദേശിയായ പി ടി അബ്ദുള്‍ സത്താര്‍ നല്‍കിയ അപേക്ഷയില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ വീഴ്ച പറ്റിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വണ്ടൂര്‍ കൃഷി ഓഫീസറായിരുന്ന എം ടി ഹംസക്കുരിക്കള്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. 2005 ലെ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്ക് രേഖകളുടെ പകര്‍പ്പിന് വേണ്ടി 85.50 രൂപ അടക്കാത്തത് കൊണ്ടാണ് കോപ്പികള്‍ നല്‍കാത്തത് എന്നാണ് മറുപടി പറഞ്ഞത്. പരാതിക്കാരനായ സത്താര്‍ പണമടക്കാന്‍ പലതവണ ഓഫീസില്‍ എത്തിയപ്പോഴും പണം കൈപറ്റാന്‍ തയ്യാറായിരുന്നില്ല .
ട്രഷറികളില്‍ ചെലാന്‍ അടച്ച് രസീതി കൊടുത്താല്‍ പകര്‍പ്പ് കിട്ടുമെന്ന വിവരം സത്താറിനെ അറിയിക്കാത്തതും കൃഷി ഓഫീസറുടെ പകല്‍ വന്ന വീഴ്ചയാണ്.
സത്താര്‍ നല്‍കിയ പരാതിയില്‍ മലപ്പുറത്ത് വെച്ച് 17/12/ 2014 നടന്ന് സിറ്റിംഗില്‍ പരാതിക്കാരനായ സത്താറും കൃഷി ഓഫീസറായിരുന്ന എം ടി ഹംസക്കുരിക്കളും പങ്കെടുത്തു. രണ്ട് പേരേയും വിസ്തരിച്ചതിന് ശേഷമാണ് സംസ്ഥാന വിവരവാകാശ കമ്മീഷന്‍ വണ്ടൂര്‍ കൃഷി ഓഫീസറുടെ അടുത്ത് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പരാതിക്കാരന്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും ഏഴ് ദിവസത്തിനകം വിവരാവകാശ നിയമം 7(6) വകുപ്പ് പ്രകാരം സൗജന്യമായി നല്‍കാനും ഉത്തരവിട്ടു.
എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പും സംസ്ഥാന വിവരാവകാശകമ്മീഷന് സൗജന്യമായി നല്‍കാന്‍ വണ്ടൂര്‍ കൃഷിഭവന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ വാക്കാല്‍ ഉത്തരവ് നല്‍കി.
പരാതിക്കാരനയച്ചുകൊടുത്ത മറുപടിയില്‍ കൃത്യമായ വിവരം നല്‍കാത്തതിലൂടെ വിവര ലഭ്യതക്ക് തടസ്സം വരുത്തിയ മുന്‍ കൃഷ് ഭവന്‍ ഓഫീസര്‍ വിവരാവകാശ നിയമപ്രകാരം 20(1) പ്രകാരം ശിക്ഷാര്‍ഹമായ വീഴ്ച പറ്റിയിരിക്കുന്നു. കൃഷി ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിവരവകാശ കമ്മീഷന്‍ ഡോ: കുരിയാകോസ് കുമ്പളക്കുഴിയാണ് വണ്ടൂര്‍ കൃഷി ഓഫീസറായിരുന്ന എം ടി ഹംസക്കുരിക്കള്‍ ക്കെതിരെ ഉത്തരവിറക്കിയിരിക്കുന്നത്. പത്ത് ലക്ഷത്തോളം രൂപ ചിലവില്‍ നിര്‍മ്മിച്ച പുത്തന്‍കുളം നിര്‍മാണത്തിനിടെ തകര്‍ന്നത് ഏറെ വിവാദമായിരുന്നു.
ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുളം പുനര്‍ നിര്‍മിച്ചിട്ടുണ്ട്.

Latest