Connect with us

National

സുനന്ദയുടെ മരണം: തരൂരിനെ ഉടന്‍ ചോദ്യം ചെയ്യില്ല

Published

|

Last Updated

ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത വര്‍ധിപ്പിക്കുന്ന തരത്തിലുള്ള മൊഴികള്‍ പുറത്തുവന്നു. ശശി തരൂര്‍ എം പി യുടെ സഹായിയുടെയും സുനന്ദയുടെ ഡ്രൈവറുടെയും മൊഴിയാണ് പുറത്തുവന്നത്. സുനന്ദയെ ഉണര്‍ത്താനുള്ള ശ്രമം ശശി തരൂരിന്റെ പി എ തടഞ്ഞെന്നാണ് ഡ്രൈവറും സഹായിയും മൊഴി നല്‍കിയത്. സംഭവ ദിവസം നാല് മണിയോടെ സുനന്ദയെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഇത് തടഞ്ഞ തരൂരിന്റെ പി എ, തരൂര്‍ വന്നതിന് ശേഷം മാത്രം ഉണര്‍ത്തിയാല്‍ മതിയെന്ന് പറഞ്ഞതായും ഡ്രൈവറും സഹായിയും മൊഴി നല്‍കി. പതിനൊന്ന് പേരുടെ മൊഴിയാണ് പുറത്തുവന്നത്.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇവരുമായി ബന്ധമുള്ള വ്യക്തികളെയെല്ലാം ചോദ്യം ചെയ്യുമെങ്കിലും ഭര്‍ത്താവ് ശശി തരൂരിനെ ഇപ്പോള്‍ ചോദ്യം ചെയ്യില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. കേസിലെ സാക്ഷികളുടെയും സംശയമുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും തരൂരിനെ ചോദ്യം ചെയ്യുക. ശശി തരൂരും സുനന്ദയും തമ്മില്‍ കലഹം പതിവായിരുന്നെന്ന് സഹായി നാരായണന്‍ സിംഗ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഒരു വര്‍ഷത്തോളം ഇരുവരും വഴക്കിട്ടു. കാത്തി എന്ന പേര് പലതവണ വഴക്കിനിടയില്‍ ഉയര്‍ന്നു കേട്ടു.
ഇതിനിടെ, സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവ സാമ്പിളുകള്‍ ലണ്ടനിലെ ലാബില്‍ വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനമായി. എന്തുതരം വിഷമാണ് ഉള്ളില്‍ ചെന്നതെന്ന് കണ്ടെത്തുന്നതിനാണ് ലണ്ടനിലെ പരിശോധന. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ എയിംസ് അധികൃതരും വിദേശത്ത് വിദഗ്ധ പരിശോധന നടത്തണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. പൊളോണിയം പോലുള്ള റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളായിരിക്കാം മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിന്റെ സഹായിയായ നാരായണ്‍ സിംഗിനെ ചോദ്യം ചെയ്തതിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന്റെ മൊഴിയെടുക്കുന്നതിനായി ചോദ്യാവലി അവര്‍ക്ക് അയച്ചുകൊടുത്തു. ശശി തരൂരുമായുള്ള മെഹറിന്റെ ബന്ധത്തെ കുറിച്ചാണ് ചോദ്യങ്ങളില്‍ ഭൂരിഭാഗവുമെന്നാണ് സൂചന.
ശശി തരൂരും മെഹര്‍ തരാറും മൂന്ന് പകലും രാത്രിയും ദുബൈയില്‍ ഒരുമിച്ച് കഴിഞ്ഞെന്ന് സുനന്ദ പറഞ്ഞതായി സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ നളിനി സിംഗിന്റെ വെളിപ്പെടുത്തല്‍ മെഹര്‍ തരാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2013 ജൂലൈയിലാണ് ഇരുവരും ദുബൈയില്‍ ഒന്നിച്ചു കഴിഞ്ഞതെന്നാണ് നളിനിയുടെ മൊഴി. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ താമസിച്ചെന്നാണ് മെഹര്‍ തരാറിന്റെ സ്ഥിരീകരണം. ഡല്‍ഹി പോലീസിന്റെ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മെഹര്‍ തരാര്‍ വ്യക്തമാക്കി.
അതേസമയം, സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ച ശേഷം ആദ്യമായി ശശി തരൂര്‍ ഡല്‍ഹിയിലെത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തരൂര്‍ തയ്യാറായില്ല.
കഴിഞ്ഞ വര്‍ഷം ജനുവരി പതിനേഴിനാണ് സുനന്ദ പുഷ്‌കറെ ന്യൂഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കൊലപാതകത്തിന് കേസ് എടുത്തത്. എന്നാല്‍, എഫ് ഐ ആറില്‍ ആരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

Latest