Connect with us

Articles

വരവായ്, വിയോജിച്ച് കൊണ്ടുള്ള യോജിപ്പിന്റെ കാലം !

Published

|

Last Updated

ഒടുവില്‍ മദ്യവിവാദത്തിന് ലഹരി കുറയുകയാണ്. പാതയോരങ്ങളില്‍ കണ്ടിരുന്ന “ബാര്‍” എന്ന ഇംഗ്ലീഷ് വലിയ അക്ഷരത്തിന് പകരം “ബിയര്‍, വൈന്‍ പാര്‍ലര്‍” എന്ന പുതിയ ബോര്‍ഡ് ഇടം പിടിച്ചതാണ് പുതുവര്‍ഷത്തിലെ ആദ്യത്തെ ഏറ്റവും വലിയ മാറ്റം. വീര്യം കുറഞ്ഞ മദ്യം ഒഴുക്കി വിദേശ മദ്യത്തെ തോല്‍പ്പിക്കുകയാണ് സര്‍ക്കാര്‍! ഒന്‍പത് മാസമായി അടഞ്ഞ് കിടന്നതും എന്നാല്‍ പെയിന്റടിച്ച് മോടി കൂട്ടിയതുമായ ബാറുകള്‍ ഒന്നൊന്നായി തുറക്കുകയാണ്. ചെണ്ടമേളങ്ങളുടെ അകമ്പടിയുണ്ട്. മദ്യസ്‌നേഹികള്‍ നൃത്തമാടുന്നുണ്ട്. മദ്യലോബിക്ക് മുന്നില്‍ മലയാളി ഒരിക്കല്‍ കൂടി തോല്‍ക്കുകയാണ്. പ്രായോഗിക വാദികളും ആദര്‍ശവാദികളും അവര്‍ക്ക് മുന്നില്‍ ഒരുപോലെ അടിയറ പറയുകയാണ്.
കഴിഞ്ഞ മാര്‍ച്ച് 31ന് പൂട്ടിയത് 418 ബാറുകളായിരുന്നു. സുപ്രീം കോടതി തന്നെ കാലിത്തൊഴുത്തിന് സമാനമെന്ന് വിശേഷിപ്പിച്ച ബാറുകള്‍. ഇതില്‍ 200ലധികം പുതിയ പേരുകളില്‍ ഇതിനകം തുറന്നു. ബിയറും വൈനും വിളമ്പാനാണ് ലൈസന്‍സ്. ഇതിന്റെ മറവില്‍ എന്തൊക്കെ വില്‍ക്കുമെന്ന് ഇനി കാത്തിരുന്ന് കാണാം. ഇങ്ങനെ ഒരു ഒത്തുതീര്‍പ്പിന് ഇത്രയൊക്കെ വേണ്ടിയിരുന്നോ എന്നാണ് ഉയരുന്ന ചോദ്യം. എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു വിവാദമുണ്ടാക്കിയത്. വിവാദ വ്യവസായം സര്‍ക്കാറിന്റെ തണലില്‍ തന്നെയല്ലേ വളരുന്നത്? അല്ലെങ്കില്‍ വളര്‍ത്തുന്നത്. ഈ വ്യവസായത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ ഒരു എമര്‍ജിംഗ് കേരളയും വേണ്ടി വരുന്നില്ലല്ലോ. വിവാദങ്ങളെ ക്ഷണിച്ച് വരുത്തുന്നതില്‍ മിടുക്ക് ഇക്കാര്യത്തിലെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. മദ്യനയം കൊണ്ടുവന്നതും വിവാദമാക്കിയതും തിരുത്തിയതും ഒടുവിലത്തെ ഉദാഹരണം മാത്രം. പ്രതിപക്ഷത്തിന് പോലും ഇതില്‍ കാര്യമായ റോളൊന്നുമില്ല. മാസങ്ങള്‍ നീണ്ട തര്‍ക്കമാണ് ഇതേ ചൊല്ലി നടന്നത്.
“വിയോജിച്ച് കൊണ്ടുള്ള യോജിപ്പാ”ണ് ഇനി മദ്യനയത്തില്‍ കാണാന്‍ പോകുന്നത്. കേരള രാഷ്ട്രീയത്തിന് വി എം സുധീരന്റെ ഏറ്റവും പുതിയ സംഭാവനയാണ് ഈ പദാവലി. മദ്യനയവും അതിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടായ തര്‍ക്കവും ഒത്തുതീര്‍പ്പിലെത്തിച്ച ഫോര്‍മുലയാണിത്. ഇന്ദിരാഭവനിലെ അടച്ചിട്ടമുറിയില്‍ അഞ്ചര മണിക്കൂര്‍ വേണ്ടി വന്നു ഇങ്ങനെയൊരു ഫോര്‍മുല രൂപമെടുക്കാന്‍.
സുധീരനും മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും പി ജെ കുര്യന്‍ മുതല്‍ ലാലി വിന്‍സന്റ് വരെയുള്ള പ്രമുഖരും ഒരുമിച്ചിരുന്ന് കണ്ടെത്തിയ ഫോര്‍മുലയാണിത്. ഒത്തുതീര്‍പ്പ് നാടകമെന്ന് വിമര്‍ശകര്‍ പറയുമെങ്കിലും സുധീരനെ സംബന്ധിച്ച് ഇതും ആദര്‍ശത്തില്‍ കടഞ്ഞെടുത്ത ആയുധം. എന്തായാലും ചക്കളത്തിപ്പോര് തുടര്‍ന്നാല്‍ കാലിനടിയിലെ ശേഷിക്കുന്ന മണ്ണ് കൂടി ചോര്‍ന്നുപോകുമെന്ന ബോധ്യമാണ് ഇങ്ങനെയൊരു ഫോര്‍മുലയുണ്ടാക്കിയാണെങ്കിലും ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങളെത്തിച്ചത്.
സംഭവ ബഹുലമായിരുന്നു ഇന്ദിരാ ഭവനില്‍ നടന്ന അഞ്ചര മണിക്കൂറിലെ ചര്‍ച്ചകളെന്നാണ് കേള്‍വി. നാടുനീളെ ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട ജനപക്ഷയാത്ര കാസര്‍കോട് വിട്ടപ്പോഴാണ് പത്ത് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടാകുന്നത്. ഏതാണ്ട് കൊച്ചിയിലെത്തിയതോടെ മദ്യനയത്തിലെ നീതിയെയും അനീതിയെയും കുറിച്ച് ഹൈക്കോടതി ഒരു തീര്‍പ്പിലെത്തിയിരുന്നു. കോടതിയാണ് പറ്റിച്ചതെന്ന ആശ്വാസത്തില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാറിനെ ഉപദേശിച്ച് മുന്നേറിയ ജനപക്ഷയാത്ര കൊല്ലത്തെത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തിന്റെ പശ്ചാത്തലം കൂടി മനസ്സില്‍ വെച്ച് നയത്തിലെ പ്രായോഗിക മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സജീവ ചര്‍ച്ചകള്‍ തുടങ്ങി. ടൂറിസം രംഗത്തെ പ്രതിസന്ധിയും തൊഴിലാളികള്‍ നേരിട്ട പ്രശ്‌നങ്ങളും പരിഗണിച്ച് നയത്തില്‍ പ്രായോഗിക മാറ്റം പ്രഖ്യാപിച്ചു. ഇതൊരു വഞ്ചനയായിരുന്നുവെന്നായിരുന്നു സുധീരന്റെ പരാതി. മദ്യനയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വഞ്ചിച്ചെന്ന് സര്‍ക്കാര്‍- കെ പി സി സി യോഗത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു. മദ്യനയം തിരുത്തിയിട്ടില്ലെന്ന വാദത്തില്‍ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി. അടച്ച് പൂട്ടിയ 418ലും കോടതിയുടെ തീര്‍പ്പ് കാത്തിരിക്കുന്ന 312ലും വിദേശമദ്യം വിളമ്പില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ബിയറും വൈനും മാത്രമാണിവിടെ വിളമ്പുക.
എ കെ ആന്റണി നടപ്പാക്കിയ ചാരായ നിരോധത്തിന് ശേഷം ഈ രംഗത്തെ ഏറ്റവും വലിയ ചുവടുവെപ്പായി അദ്ദേഹം ഇതിനെ വ്യാഖ്യാനിക്കുന്നു. വിദേശ മദ്യത്തിന്റെ ലഭ്യത കുറയുമ്പോള്‍ മയക്കുമരുന്നടക്കം മറ്റു ലഹരിയിലേക്ക് ജനങ്ങള്‍ പോകാതിരിക്കാനുള്ള അടവാണിതെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ചാരായ നിരോധം പരാജയപ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ വിലാസം മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ കേരളത്തില്‍ തുടങ്ങിയത്. റോഡരികിലെല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നാണ് ചാരായം കഴിച്ചവരെയെല്ലാം വിദേശ മദ്യത്തിലേക്ക് അടുപ്പിച്ചതെന്ന് സാരം. അന്ന് ആരും ഇതിനെയൊന്നും എതിര്‍ക്കാത്തതിനാല്‍ ഇപ്പോഴത്തെ നടപടിയെ പിന്തുണക്കുകയാണ് വേണ്ടതെന്നുകൂടി ഉമ്മന്‍ചാണ്ടി പറഞ്ഞുവെക്കുന്നു.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ വിയോജിച്ചുകൊണ്ടുള്ള യോജിപ്പിലെത്തിയെങ്കിലും ഈ വെടിനിര്‍ത്തല്‍ എത്ര നാളത്തേക്കെന്നതാണ് അടുത്ത ചോദ്യം. സുധീരന്റെ രാഷ്ട്രീയവും ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയവും രണ്ടുവഴിക്കാണെന്നതിന് പോയകാലം സാക്ഷിയാണ്. ഓരോ നയനിലപാടുകളിലും വ്യത്യസ്ഥതയുണ്ടെന്ന് വരുത്താന്‍ ശ്രമിക്കുന്നയാളാണ് സുധീരന്‍. നേരായി ഭരിക്കാന്‍ സുധീരന്‍ സമ്മതിക്കുന്നില്ലെന്ന് കോണ്‍ഗ്രസുകാര്‍ അടക്കം പറയുന്നതിന്റെ പിന്നിലും മറ്റൊന്നല്ല. പുറത്തേക്ക് ഒന്നും പറയുന്നില്ലെങ്കിലും സര്‍ക്കാര്‍-കെ പി സി സി യോഗത്തിലെ ചര്‍ച്ചകള്‍ സുഖകരമായിരുന്നില്ലെന്നാണ് വരുന്ന വാര്‍ത്തകള്‍.
വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കുന്നുവെന്ന ആക്ഷേപം വരെ ഈ യോഗത്തില്‍ ഉയര്‍ന്നു. സുധീരന്‍ കെ പി സി സിയുടെ തലപ്പത്തെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റായ വി ഡി സതീശനാണ് ഇങ്ങനെയൊരാരോപണം ഉന്നയിച്ചത്. കരുണാകരന്‍ അനുസ്മരണ വേദിയില്‍ കെ മുരളീധരനെ സുധീരന്‍ വിമര്‍ശിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു സതീശന്റെ ഒളിയമ്പ്. എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയെന്ന് സുധീരനും തിരിച്ചടിച്ചു. അകത്ത് ഇനിയും പുകയുന്നതിന്റെ ലക്ഷണമാണിതെല്ലാം.
കഴിഞ്ഞ ദിവസം യു ഡി എഫിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ തലസ്ഥാനത്തുണ്ടായിട്ടും സുധീരന്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. പതിനൊന്ന് മണിക്ക് നിയമസഭാ മന്ദിരത്തില്‍ യോഗം ചേരുമ്പോള്‍ ഇന്ദിരാ ഭവനിലുണ്ടായിരുന്നു സുധീരന്‍. കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ യോഗത്തിലേക്ക് സുധീരനെ പ്രത്യേകം ക്ഷണിച്ചിട്ട് പോലും അദ്ദേഹം പങ്കെടുത്തില്ല. വളഞ്ഞിട്ട് ആക്രമിക്കുമെന്ന ബോധ്യമാകണം വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
മദ്യനയത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമായ നാളില്‍ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. കെ പി സി സി പ്രസിഡന്റിനെ വിളിക്കാതെയുള്ള ഈ യോഗം വിവാദമായപ്പോള്‍ അനൗപചാരിക കൂടിക്കാഴ്ചയെന്ന് പേരുമാറ്റി. ഔപചാരികമായി ഘടകകക്ഷി എം എല്‍ എമാരെ കൂടി പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നപ്പോള്‍ വിട്ടുനിന്ന് സുധീരന്‍ പകരം വീട്ടി. മദ്യനയം ഒതുങ്ങിയതോടെ ദേശീയഗെയിംസ് കളം നിറയുകയാണ്. ഇനിയുള്ള വാഗ്വാദങ്ങള്‍ ഇതേ ചൊല്ലിയാകും.
മാനംപോകുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് യു ഡി എഫിന്റെ പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ എം എല്‍ എമാര്‍ തന്നെ പറയുന്ന സാഹചര്യം വന്നിരിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ന്നില്ല, ഉപകരണങ്ങള്‍ എത്തിയില്ല. പൂര്‍ത്തിയായവയില്‍ അപാകതകള്‍ നിലനില്‍ക്കുന്നു. ഇത്തരം വിമര്‍ശങ്ങള്‍ ഒരുവശത്ത്. ധൂര്‍ത്തും അഴിമതിയുമുണ്ടെന്ന ആരോപണം മറുവശത്ത്. നിശ്ചയിച്ച തിയതി മാറ്റിയാണെങ്കിലും അപമാനം വരുത്തിവെക്കരുതെന്ന ആവശ്യമാണ് യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ പോലും ഉയര്‍ന്നത്. എന്തായാലും കൃത്യസമയത്ത് തന്നെ ഗെയിംസ് നടക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരുക്കങ്ങളെല്ലാം മുറപോലെ നടക്കുന്നുണ്ട്. കേള്‍ക്കുന്നതും പറയുന്നതുമൊന്നും ശരിയല്ലെന്ന് കായിക മന്ത്രിയും പറയുന്നു. കളി നടക്കട്ടെ, അപ്പോള്‍ കാര്യമറിയും. മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ എത്രമാത്രം വിശ്വാസ യോഗ്യമാണ്. കാത്തിരുന്ന് കാണാം.

Latest