Connect with us

Kerala

ആദിവാസി കോളനികളില്‍ പച്ചക്കറി സ്വയംപര്യാപ്ത പദ്ധതി ആരംഭിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി കോളനികളില്‍ പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കാന്‍ കൃഷി വകുപ്പ് ഒരുങ്ങുന്നു. ജൈവ കൃഷിയിലൂടെ രാസവിഷ വിമുക്തമായ പച്ചക്കറി ആദിവാസികള്‍ക്കിടയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ മാനന്തവാടി താലൂക്കിലെ ആറ് പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. പദ്ധതി വിജയപ്രദമെങ്കില്‍ 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ വിപുലമാക്കാനാണ് തീരുമാനം.
പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടിയില്‍ നടക്കുന്ന നാഷനല്‍ അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് നടത്തും. ശാസ്ത്രീയമായ കൃഷി രീതികള്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പരിചയപ്പെടുത്തുക, ഗുണനിലവാരമുള്ള പച്ചക്കറിയുടെ ഉത്പ്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ മാനന്തവാടി താലൂക്കിലെ പഞ്ചായത്തുകളെ മാത്രമാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
7.624 ലക്ഷം രൂപയാണ് പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം ചെലവിടുന്നത്. സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി സ്വയംപര്യാപ്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത് നടപ്പാക്കുന്നത്. അനുയോജ്യരായ യുവജനങ്ങളെ കണ്ടെത്തി പരീക്ഷണാടിസ്ഥാനത്തില്‍ പോളി ഹൗസ് കൃഷി രീതി നടപ്പിലാക്കും. സ്ഥല ലഭ്യതയും ജലസേചന സൗകര്യവുമുള്ള വീടിന്റെ മുറ്റത്ത് വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ മുഖേന അടുക്കള തോട്ടങ്ങള്‍ നിര്‍മിക്കും. ഊരുകൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ മുഖേന സ്വന്തം സ്ഥലത്തോ പാട്ടത്തിനെടുത്ത സ്ഥലത്തോ കൃഷി നടത്താം. പരീക്ഷണാടിസ്ഥാനത്തില്‍ വിപണന ശൃംഖല സൃഷ്ടിക്കും. അടുത്ത വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി കൃഷി നടത്താനാണ് പദ്ധതി.
പട്ടികവര്‍ഗ കുടുംബശ്രീ യൂനിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, ഊരുകൂട്ടങ്ങള്‍ എന്നിവരില്‍ നിന്നും വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിക്കും. ക്ലസ്റ്ററുകള്‍ക്ക് ഓരോ സംഘത്തിനും 75,000 രൂപ വീതം നല്‍കും. അടുക്കള തോട്ടത്തിന് അഞ്ചിനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ അയ്യായിരം കിറ്റുകള്‍ വിതരണംചെയ്യും. ഒരു സെന്റ് വിസ്തീര്‍ണമുള്ള പോളി ഹൗസിന് 37,400 രൂപ നല്‍കും. പത്ത് സ്വയംസഹായ സംഘങ്ങളടങ്ങിയ ഒരു വിപണന കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപയാണ് സഹായധനം നല്‍കുക.

Latest