Connect with us

Malappuram

ഫര്‍ണിച്ചര്‍ കെട്ടിടത്തിന് തീപിടിച്ചു; കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

Published

|

Last Updated

ചങ്ങരംകുളം: ഫര്‍ണിച്ചര്‍ ഷോറൂമിന് തീ പിടിച്ചത് പരിഭ്രാന്തിയിലാക്കി. ചങ്ങരംകുളം എടപ്പാള്‍ റോഡിലെ ഗോപിക ഫര്‍ണിച്ചറിന്റ മുകളിലെ നിലയിലാണ് തീ പിടിച്ചത്.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മൂന്ന് നില കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ തീ ആളിപ്പടര്‍ന്നത്. തീപടരുന്ന സമയത്ത് കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിയിലുണ്ടായിരുന്ന ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തീ ആളിപ്പടര്‍ന്നതോടെ കെട്ടിടത്തില്‍ നിന്നും പുറത്തുകടക്കാനാകാതെ ഏറെനേരം തൊഴിലാളി കെട്ടിടത്തിനകത്ത് കുടുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ സമീപത്തെ കെട്ടിത്തിന് മുകളില്‍ കയറി കെട്ടിടത്തിലേക്ക് കോണി വച്ചുകൊടുത്താണ് തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചര്‍ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലകളിലേക്ക് തീപടരാതിരുന്നതിനെതുടര്‍ന്ന് കൂടതല്‍ നാശനഷ്ടമുണ്ടായില്ല. കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത്കണ്ട് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരാണ് സമീപത്തുള്ള നാട്ടുകാരെ വിവരമറിയിച്ചത്.
കുന്നംകുളത്ത് നിന്നുമെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും പൊന്നാനിയില്‍നിന്നുമെത്തിയ ഒരുയൂണിറ്റ് ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. ചങ്ങരംകുളം പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അവസരോചിതമായ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് തീ സമീപത്തുള്ള കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും പടരാതിരുന്നത്. ചങ്ങരംകുളം കൂനത്ത് ഹൗസില്‍ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഫര്‍ണിച്ചര്‍ ഷോറൂം. രണ്ടുവര്‍ഷം മുന്‍പും ഇതിനുസമീപത്തുള്ള ഗോപിക ഫര്‍ണിച്ചറിന്റെ കെട്ടിടത്തിന് തീപിടിച്ചിരുന്നു.

Latest