Connect with us

Ongoing News

ലൈറ്റ് മെട്രോകള്‍ 2020ല്‍ പൂര്‍ത്തിയാകും

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് ലൈറ്റ്‌മെട്രോ 2019ലും തിരുവനന്തപുരത്തേത് 2020ലും പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീംകുഞ്ഞ് നിയമസഭയെ അറിയിച്ചു. 2015ല്‍ പണിയാരംഭിക്കും. ഒന്നാംഘട്ടത്തില്‍ തിരുവനവവന്തപുരത്തെ കഴക്കൂട്ടം മുതല്‍ കരമന വരെയും രണ്ടാം ഘട്ടത്തില്‍ കരമന മുതല്‍ നെയ്യാറ്റിന്‍കര വരെയുമാണ് മെട്രോ നിര്‍മിക്കുക. കോഴിക്കോട് മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെയാണ് മെട്രൊ നിര്‍മിക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തിയായ ശേഷമെ രണ്ടാം ഘട്ടത്തിന്റെ പണിയാരംഭിക്കൂ. പദ്ധതിക്കായി കേന്ദ്രത്തില്‍ നിന്നും 20 ശതമാനം വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കാമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. കോംപ്രിഹെന്‍സിവ് മൊബിലിറ്റി സ്റ്റഡിയും ഫിനാന്‍ഷ്യല്‍ ഇന്റേണല്‍ റേറ്റ് ഒഫ് റിട്ടേണ്‍ സ്റ്റഡിയും നടത്താന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. പദ്ധതി വിഹിതത്തിന്റെ 20 ശതമാനം സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ സ്ഥലമെടുപ്പിനുള്ള തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. പദ്ധതി പ്രദേശത്തെ റോഡ് വികസനവും ഇതിന്റെ ഭാഗമായി നടപ്പാക്കും.
ദേശീയപാതയുടെ വീതി 45 മീറ്ററില്‍ നിന്നും കുറക്കുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി അറിയിച്ചു. അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ കേന്ദ്രവും ദേശീയപാത അതോറിറ്റിയും തയ്യാറല്ല. ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്. എന്‍ എച്ച് 47ലും 17ലുമായി അവശേഷിക്കുന്ന 636.10 കിലോമീറ്റര്‍ നാലുവരി പാതയായി വികസിപ്പിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ കണക്ക് പ്രകാരം 1329.154 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. പദ്ധതി ബാധിതര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന രീതിയില്‍ വില നിശ്ചയിക്കണമെന്ന് ജില്ലാകലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥലമെടുപ്പിന് നഷ്ടപരിഹാരമായി സെന്റിന് അരലക്ഷം രൂപ നിരക്കില്‍ നല്‍കിയാല്‍പോലും 16,000 കോടി വില നല്‍കേണ്ടിവരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 കോടിയും ചിലവുവരും. ഇത്രയും വലിയ തുക സംസ്ഥാനത്തിന് ഏറ്റെടുക്കാനാകില്ല. അതിനാല്‍ കേന്ദ്രത്തെ ആശ്രയിച്ചു മാത്രമേ ദേശീയപാത വികസനം നടപ്പാക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. ഇടപ്പഴിഞ്ഞി മൂത്തകുന്നം റോഡ് 30 മീറ്ററാക്കുന്നതു കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ നടപ്പാക്കാനാകില്ല.

Latest