National
ജ്യോതിഷത്തിന് മുന്നില്‍ ശാസ്ത്രം ചെറുതെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: ശാസ്ത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ ജ്യോതിഷം അത്യുന്നതിയിലാണെന്നും ജ്യോതിഷത്തിന്റെ മുമ്പില്‍ ശാസ്ത്രം നിസ്സാരമാണെന്നും ബി ജെ പി. എം പി രമേശ് പൊഖ്‌റിയാല്‍. കഴിഞ്ഞ ദിവസം ലോക്‌സഭ പാസ്സാക്കിയ ദി സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍കിടെക്ചര്‍ (എസ് പി എ) ബില്ലിന്റെ ചര്‍ച്ചാ വേളയിലാണ് എം പി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഐതിഹ്യത്തെ വിദ്യാഭ്യാസവുമായി കൂട്ടിക്കുഴച്ച് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നുവെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ഈ ബില്‍. ശാസ്ത്രീയ അവബോധത്തെ ഇല്ലാതാക്കി മതത്തെ വിദ്യാഭ്യാസ മേഖലയില്‍ കലര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇതിനെതിരെ രംഗത്ത് വന്നു.
ഹരിദ്വാറില്‍ നിന്നുള്ള ബി ജെ പി. എം പി ആര്‍ പി നിഷാങ്കിന്റെ അഭിപ്രായമാണ് ഏറെ വ്യത്യസ്തമായത്. ” ഇന്ത്യയെ കണ്ടെത്തല്‍ എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയുടെ പൗരാണിക വിജ്ഞാനത്തെ സംബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിപാദിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഋഷി കാനാദ് ആദ്യ അണു പരീക്ഷണം നടത്തിയിരുന്നു. ഗണപതിയുടെ തല പ്ലാസ്റ്റിക് സര്‍ജറിയല്ലെങ്കില്‍ പിന്നെന്താണ്? ഭാവി പ്രവചിക്കാന്‍ സാധിക്കുന്ന ജ്യോതിഷം ശാസ്ത്രത്തേക്കാള്‍ എത്രയോ ഉയരത്തിലാണ്. ശാസ്ത്രം ഏറെ നിസ്സാരമാണെന്നും നിഷാങ്ക് പറഞ്ഞു.
ജ്യോതിഷവുമായോ പുരാണേതിഹാസവുമായോ ശാസ്ത്രാവബോധത്തെ സമതുലിതപ്പെടുത്താന്‍ സാധിക്കില്ലെന്ന് തൃണമൂല്‍ അംഗം സൗഗത റോയ് ചൂണ്ടിക്കാട്ടി. പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാത്ത കാര്യങ്ങള്‍ സത്യമായി ശാസ്ത്രം അംഗീകരിക്കുന്നില്ല. നിശ്ചിതവും സുസംഘടിതവുമായ സംവിധാനമാണ് ശാസ്ത്രം. ഗണപതിയുടെ തല പ്ലാസ്റ്റിക് സര്‍ജറിയിലൂടെ വെച്ചതാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം. രാമായണവും മഹാഭാരതവും ഗൗരവമായി കണ്ട് അവയിലെ മുഴുവന്‍ കാര്യങ്ങളും യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കുകയാണെങ്കില്‍ ശാസ്ത്രവുമായി ഏറ്റുമുട്ടല്‍ ഉണ്ടാകും. മാനവവിഭവ ശേഷി മന്ത്രി നാല് മണിക്കൂര്‍ നേരം ജ്യോതിഷന്റെ അടുക്കല്‍ ചെലവഴിച്ചത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അടുത്ത പ്രാവശ്യം ഇത് വളരെ സ്വകാര്യമായി ചെയ്യാന്‍ ശ്രമിക്കണമെന്നും റോയ് ഉപദേശിച്ചു.
തനിക്കെതിരെ പാര്‍ലിമെന്റംഗങ്ങള്‍ വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്നും വിദ്യാഭ്യാസവും പാരമ്പര്യവും സമതുലിതമായി കൊണ്ടുപോകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ ബില്ലിന്റെ മുഖവുര ഉള്‍പ്പെടുത്തിയില്ലെന്നും ബില്‍ വായിക്കാന്‍ സമിതിയംഗങ്ങള്‍ക്ക് കുറഞ്ഞ സമയമേ ലഭിച്ചുള്ളൂവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി സൗഗത റോയ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആണ് ആദ്യ വെടി പൊട്ടിച്ചത്. ഐ ഐ ടികള്‍ പൂര്‍ണമായി വെജിറ്റേറിയന്‍വത്കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്മൃതി ഇറാനി ഇത് നിഷേധിച്ചു. വില കൂടുതലായതിനാല്‍ വിദ്യാര്‍ഥികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയെന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമെന്ന യാഥാര്‍ഥ്യത്തെ പ്രധാനമന്ത്രി മാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.