Connect with us

Palakkad

നഗരത്തില്‍ കുട്ടികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടി

Published

|

Last Updated

പാലക്കാട്: നഗരത്തില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടിയന്തിര നടപടികള്‍ രണ്ട് ദിവസത്തിനകം നടപ്പാക്കിതുടങ്ങുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
വിക്‌ടോറിയ കോളജ് പരിസരത്ത് കഴിഞ്ഞ ദിവസം നടന്ന അപകടമരണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. നഗരത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ആര്‍ ടി ഒയുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസുകള്‍ നല്‍കും. സ്‌കൂളുകളുടെ മുമ്പിലുളള ട്രാഫിക് സുഗമ മാക്കുന്നതിന് കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതനുസരിച്ച് നഗരത്തിലെ ഒരു സ്‌കൂളില്‍ നിന്നും 100 നും 50 നും ഇടയ്ക്കുളള എണ്ണം കുട്ടികളെ തിരഞ്ഞെടുത്ത് ആര്‍ ടി ഒയും പോലീസും ചേര്‍ന്ന് പ്രതേ്യക പരിശീലനം നല്‍കും.
വിക്‌ടോറിയ കോളജ് പരിസരത്ത് കൂടുതല്‍ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഇതിന്റേ ഭാഗമായി റോഡിന് ഇരുവശത്തുമുളള നടപ്പാതയില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ പദ്ധതി രണ്ട് ദിവസത്തിനകം തയ്യാറാക്കി നല്‍കാന്‍ ദേശീയപാത വിഭാഗത്തിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമെ വിക്‌ടോറിയ കോളജിലെ പ്രധാന കവാടം വാഹന ഗതാഗതത്തിന് മാത്രമായി പരിമിതപ്പെടുത്തും. രണ്ട് വശത്തായുളള ചെറിയ ഗേറ്റുകള്‍ കുട്ടികള്‍ക്ക് യാത്രാ ആവശ്യത്തിന് മാത്രമായി ഉപയോഗപ്പെടുത്തും. ഇത് സംബന്ധിച്ച നടപടികള്‍ വിക്‌ടോറിയ കോളജ് പി ടി എ. കമ്മിറ്റി നടത്തും. കോളജിന സമീപം ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ട്രിപ്പിള്‍സുകളും സ്റ്റെഡുകളും സ്ഥാപിക്കും.
കോളജിന് സമീപം നിലവിലുളള ബീം ലൈറ്റ് സംവിധാനം മാറ്റി പച്ചയും ചുവപ്പും സിഗ്നലുകള്‍ നല്‍കും. ഇതിന് പുറമെ 20 സെക്കന്‍ഡോളം ചുവന്ന ലൈറ്റ് പ്രകാശിപ്പിക്കുന്നതിനും തീരുമാനിച്ചു. നിലവില്‍ താത്ക്കാലികമായി വിന്യസിച്ച ഡിവൈഡറുകള്‍ സ്ഥിരമായി നിലനിര്‍ത്തും. ഈ നിര്‍ദേശങ്ങള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എ ഡി എം കെ ഗണേശന്‍, ആര്‍ ടി ഒ ജെ ജെ തോമസ്, സി ഐമാരായ ആര്‍ പ്രമോദ്, ഹരിപ്രസാദ്, തഹസില്‍ദാര്‍ ടി വിജയന്‍, പി ഡബ്ല്യൂ ഡി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി കെ രാജേന്ദ്രന്‍, റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ രാജേഷ്, കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് സി എബ്രഹാം സ്റ്റുഡന്റ് ചെയര്‍മാന്‍ ബി ഹാഷിര്‍, എഡിറ്റര്‍ ടി സത്യനന്ദ് എന്നിവര്‍ പങ്കെടുത്തു.

Latest