Connect with us

Kozhikode

ജപ്പാന്‍ കുടിവെള്ള പദ്ധതി: ശുദ്ധീകരണ ടാങ്കില്‍ വെള്ളം എത്തി

Published

|

Last Updated

പേരാമ്പ്ര: പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കു വേണ്ടി നിര്‍മിച്ച കിണറില്‍ നിന്ന് ശുദ്ധീകരണ ടാങ്കില്‍ വെള്ളമെത്തി. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്നലെ വൈകീട്ട് പദ്ധതിയുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യ കാല്‍വെപ്പ് സഫലമായത്. റിസര്‍വോയറില്‍ നിര്‍മിച്ച ഇന്‍ടേക്ക് വെല്ലില്‍ നിന്ന് വൈകീട്ട് 3.35 നാണ് ശൂദ്ധീകരണ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്തത്. സൂക്ഷ്മ പരിശോധന നടത്തിയ ശേഷം നടന്ന പമ്പിംഗ് പൂര്‍ണ വിജയമാണെന്ന് അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ സംസ്ഥാനത്തെ ചീഫ് എന്‍ജിനിയര്‍ എസ് രതീഷ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ജൈക്ക പ്രൊജക്ട് ഡയരക്ടര്‍ കെ ജി ഹര്‍ഷന്‍, അരവിന്ദ് ഗുപ്ത, ഡെഗ്രിമോണ്ട് കമ്പനി പ്രതിനിധികളായ മുരളി, സി എം ബിനോയ്, കിര്‍ലോസ്‌കര്‍ കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. പെരുവണ്ണാമൂഴി മുതല്‍ കടലുണ്ടി വരെ ജലവിതരണം നടത്താന്‍ ലക്ഷ്യമിടുന്ന പദ്ധതി രണ്ട് മാസക്കാലയളവില്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇനി മുതല്‍ തുടര്‍ച്ചയായി ശുദ്ധീകരണ ടാങ്കിലെത്തിക്കുന്ന ജലം പൈപ്പ് വഴി കടലുണ്ടി വരെ എത്തിച്ച് പൈപ്പിലും മറ്റുമുണ്ടാകാനിടയുള്ള മാലിന്യം ഒഴിവാക്കാനും പ്രത്യേക ലായനി വെള്ളത്തില്‍ കലര്‍ത്തി അണുവിമുക്തമാക്കാനും പാകത്തില്‍ ജലമൊഴുക്കും.
ഘട്ടംഘട്ടമായി എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി, എവിടെയെങ്കിലും കുഴപ്പം കണ്ടെത്തുന്ന പക്ഷം പരിഹാര നടപടികള്‍ സ്വീകരിച്ചും പ്രവര്‍ത്തന സജ്ജമാക്കി 45 ദിവസം കൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കോഴിക്കോട് കോര്‍പറേഷന് പുറമെ കാക്കൂര്‍, നന്മണ്ട, നരിക്കുനി, ബാലുശേരി, ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, തലക്കുളത്തൂര്‍, കടലുണ്ടി പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒമ്പത് അടി വ്യാസമുള്ള പൈപ്പുകളാണ് പദ്ധതിക്ക് വേണ്ടി 123 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിച്ചത്. പല ഭാഗങ്ങളിലും റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കുകയായിരുന്നു. റോഡുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
805 കോടി രൂപയാണ് പ്രവര്‍ത്തിയുടെ അടങ്കല്‍ തുക. പദ്ധതി പൂര്‍ത്തിയായി അഞ്ച്‌വര്‍ഷം പിന്നിടുമ്പോഴേക്കും 12 ലക്ഷത്തില്‍പ്പരം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ നിന്ന് ശുദ്ധജലം നല്‍കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

Latest